അത്യപൂര്‍വ ഇനം പാമ്പുകളും മറ്റു ജീവികളുമായി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യുവതി പിടിയിലായി. ജാംഷെഡ്പൂരിലെ ടാറ്റനഗര്‍ റെയില്‍വേ സ്റ്റേഷനിലാണ് യുവതി അറസ്റ്റിലായത്.
ഇവര്‍ മഹാരാഷ്ട്രയിലെ പൂനെ സ്വദേശിനിയാണ്.ഡല്‍ഹിയിലേക്കുള്ള നിലാഞ്ചല്‍ എക്സ്പ്രസിലാണ് അപൂര്‍വ പാമ്പുകളെയും മറ്റും കടത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ട്രെയിനിന്റെ ജനറല്‍ ബോഗിയില്‍ ടാറ്റനഗര്‍ ആര്‍പിഎഫ് സംഘം നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തിയ ജീവികളെ കണ്ടെത്തിയത്.
28 ഓളം അപൂര്‍വ ഇനം വിദേശ പാമ്പുകള്‍, പച്ച നിറത്തിലുള്ള ഓന്തുകള്‍, വിഷമുള്ള എട്ടുകാലികള്‍, കറുത്ത മണ്ണിരകള്‍ തുടങ്ങിയവയെയാണ് പ്രത്യേകം ടിന്നുകളിലും മറ്റും അടച്ച നിലയില്‍ ബാഗില്‍ നിന്നും കണ്ടെത്തിയത്.
ബാഗ് ഒരാള്‍ തന്റെ കൈവശം തന്നതാണെന്നും, ഡല്‍ഹിയില്‍ വെച്ച് ഈ ബാഗ് കൈപ്പറ്റാന്‍ ആളെത്തുമെന്നും അറിയിച്ചതായും യുവതി പൊലീസിനോട് പറഞ്ഞു.പിടികൂടിയ അപൂര്‍വ ഇനം പാമ്പുകള്‍ അടക്കമുള്ള ജീവികള്‍ക്ക് കോടികള്‍ വില മതിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. സൗത്ത് ആഫ്രിക്കയില്‍ കണ്ടുവരുന്ന പാമ്പുകളാണ് പിടികൂടിയത്.
സാന്‍ഡ് ബോവ ഇനത്തില്‍പ്പെട്ട പാമ്പിന് അന്താരാഷ്ട്ര വിപണിയില്‍ 25 കോടി രൂപയും ബോല്‍ പൈത്തന് 25,000, വൈറ്റ് ബോല്‍ പൈത്തന് 40,000 രൂപ എന്നിങ്ങനെയാണ് വില വരികയെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
അപൂര്‍വ ജീവികളെ കള്ളക്കടത്തു നടത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ടാറ്റനഗര്‍ സ്റ്റേഷനില്‍ ഇത്തരമൊരു കള്ളക്കടത്ത് പിടികൂടുന്നത് ഇതാദ്യമായിട്ടാണെന്ന് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സഞ്ജയ് തിവാരി പറഞ്ഞു. കസ്റ്റഡിയിലെടുത്ത പാമ്പുകള്‍ അടക്കമുള്ള ജീവികളെ വനംവകുപ്പിന് കൈമാറി.
0 Comments