ശബരിമല സീസണിൽ ശൗചാലയ നടത്തിപ്പുകാർക്ക് പിഴയും കേസും ഏറെ നേരിടേണ്ടി വരുമ്പോൾ എരുമേലിയിൽ മാതൃകയുടെ പൂച്ചെണ്ടുകൾ ജില്ലാ ഭരണകൂടത്തിൽ നിന്നും ലഭിച്ചതിന്റെ സന്തോഷത്തിലാണ് സഹകരണ ബാങ്ക് പ്രസിഡന്റ് ചെമ്പകത്തുങ്കൽ സഖറിയാ ഡൊമിനിക് .
ഇന്നലെ ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ കളക്ടറേറ്റിൽ പ്രത്യേകം വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ വെച്ചായിരുന്നു അപ്രതീക്ഷിതമായ ആദരിക്കൽ നടന്നത് എരുമേലിയിൽ സ്വകാര്യ ശൗചാലയ സമുച്ചയവും പാർക്കിംഗ് മൈതാനവും നടത്തുന്ന മുപ്പത് വർഷമായി എരുമേലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ സഖറിയ ഡോമിനിക് ചെമ്പകത്തുങ്കലിനെ ആണ് ആദരിച്ചത്.
ഏറ്റവും മികച്ച നിലയിൽ മാതൃകാപരമായ മാലിന്യ സംസ്കരണം നടത്തുന്നതിനാണ് അഭിനന്ദനങ്ങൾ അറിയിച്ചതെന്ന് കളക്ടർ പറഞ്ഞു.ശൗചാലയങ്ങളിലെ വിസർജ്യ മാലിന്യങ്ങൾ ട്രീറ്റ്മെന്റ് പ്ലാന്റിൽ സംസ്കരിച്ച ശേഷം ശുദ്ധീകരിക്കൽ പ്രക്രിയയിലൂടെ ലഭിക്കുന്ന ജലം സ്വന്തം പറമ്പിൽ കൃഷികൾക്കായി ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരിൽ നിന്നും കണ്ടതോടെയാണ് കളക്ടർ ഷാൾ എത്തിച്ച് അണിയിച്ച് ആദരിച്ചത്.തോപ്രാംകുടിയിൽ തന്റെ എസ്റ്റേറ്റിൽ ആയിരുന്ന സഖറിയ ഡോമിനിക്കിന് വേണ്ടി മാനേജർ ആദരവ് ഏറ്റുവാങ്ങി.കേരളാ കോൺഗ്രസ് എം എരുമേലി മണ്ഡലം പ്രസിഡന്റ് കൂടിയാണ് കറിയാച്ചൻ .വർഷങ്ങൾക്ക് മുമ്പ് റബറിന് നല്ല വില ഉള്ളപ്പോൾ ടൗണിൽ ടാപ്പിംഗ് തീരാൻ വർഷങ്ങൾ ബാക്കി നിൽക്കെ സ്വന്തം പറമ്പിലെ നൂറുകണക്കിന് റബർ മരങ്ങൾ മുഴുവനും ചുവടെ വെട്ടി മാറ്റി അവിടം പാർക്കിംഗ് ഗ്രൗണ്ട് ആക്കുന്നത് കണ്ട് നാട്ടുകാരിൽ പലരും അറിയാതെ പറഞ്ഞു ,കറിയാച്ചനെന്തു പറ്റി '?. പിന്നീടുള്ള ശബരിമല സീസണുകളിൽ നാട്ടുകാർക്ക് കറിയാച്ചൻ എന്ന സഖറിയഡോമിനിക്കിനെ അഭിനന്ദിക്കേണ്ടി വന്നു.
കാലത്തിന്റെ മാറ്റങ്ങൾ മുൻകൂട്ടി കണ്ടുള്ള ദീർഘ വീക്ഷണമായിരുന്നു ആ പാർക്കിംഗ് ഗ്രൗണ്ടിൽ ഒരുങ്ങിയത്. ഒരു വർഷം റബർ നൽകുന്നതിനേക്കാൾ വരുമാനം ലഭിച്ചെന്ന് മാത്രമല്ല സീസണിൽ വാഹന പെരുപ്പത്തിന്റെ തിരക്കിന് ഒരു പരിഹാരവുമായിരുന്നു ആ ഗ്രൗണ്ട്. അവിടെ ശുചിമുറികൾ നിർമിച്ചപ്പോൾ മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ മാർഗ നിർദേശങ്ങൾ ഓരോ സീസണിലും നടപ്പിലാക്കി.
എല്ലാ അനുമതികളും പ്രവർത്തന അംഗീകാരവും നേടി എന്നത് മാത്രമല്ല ഇപ്പോൾ മാതൃകയായ ശുചിത്വ സമുച്ചയം എന്ന ബഹുമതി കൂടി വർഷങ്ങളോളം തുടർച്ചയായി ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് വലിയ ഭൂരിപക്ഷത്തോടെ തുടരുന്ന സഖറിയ ഡോമിനിക്കിന് നേടാനായി. സംസ്ഥാന സർക്കാരിന്റെ മികച്ച സമ്മിശ്ര കർഷക അവാർഡ് ഇതിന് മുമ്പ് സഖറിയ ഡോമിനിക്കിനെ തേടിയെത്തിയിരുന്നു. പോലിസ് സ്റ്റേഷനും സർക്കാർ ആശുപത്രിക്കും ഇടയിൽ ആണ് വിപുലമായ പാർക്കിംഗ് മൈതാനവും ശുചിത്വ സമുച്ചയവും. ഇതിന് അടുത്താണ് സഖറിയ ഡോമിനിക്കിന്റെ വസതിയും. നഗര മധ്യത്തിൽ മാലിന്യങ്ങളുടെ പ്രശ്നം ശാസ്ത്രീയമായി പരിഹരിച്ച് താമസിക്കുന്നതിനൊപ്പം അതേ മാലിന്യ പ്രശ്നത്തിന്റെ പരിഹാരം കൊണ്ട് കൃഷിയും നടത്തുന്നു ഇദ്ദേഹം.
പോലിസ് സ്റ്റേഷനും ആശുപത്രിക്കും സ്വന്തം സ്ഥലം വിട്ടു നൽകിയത് സഖറിയ ഡോമിനിക്കിന്റെ പിതാവ് ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.ഇത്തവണ ശബരിമല സീസണിൽ മാലിന്യ സംസ്കരണ വിഷയത്തിൽ കർശന ഇടപെടൽ നടത്തുമെന്ന് കളക്ടർ ഇന്നലെ അറിയിച്ചു.
ഇക്കഴിഞ്ഞ മാർച്ച് മാസം മുതൽ മാസത്തിലൊരിക്കൽ ഇതിനായി ജില്ലാ തല യോഗങ്ങൾ ചേർന്നിരുന്നെന്നും എല്ലാ വകുപ്പുകളെയും ഇക്കാര്യത്തിൽ അലർട്ട് ആക്കിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. ദേവസ്വം ബോർഡിന്റെ ഉൾപ്പടെ മുഴുവൻ ശൗചാലയ ഉടമകളും ശാസ്ത്രീയമായി മാലിന്യ സംസ്കരണം നടത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കും. പുഴയിൽ മാലിന്യങ്ങൾ തള്ളുന്ന പഴയ ഏർപ്പാട് നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശം.
സ്വകാര്യ ശൗചാലയ സമുച്ചയങ്ങളിൽ ഒന്നിനാണ് നിലവിൽ അംഗീകൃത പ്ലാന്റ് ഉള്ളത്. മറ്റൊരു സമുച്ചയത്തിന്റെ പ്ലാന്റ് നിർമാണത്തിലാണ്. ഖര, ജൈവ, ദ്രവ, പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുന്നതിന് വിവിധ ഏജൻസികളെ പങ്കെടുപ്പിച്ച് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ടെണ്ടർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.
എരുമേലിയിൽ എത്തുന്ന അയ്യപ്പ ഭക്തരെ അതിഥികളായി കണ്ട് സ്വീകരിക്കുകയും മികച്ച സൗകര്യങ്ങൾ നൽകുകയും ഒപ്പം നാടിന്റെ ആരോഗ്യ പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യുന്നതിനാണ് ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ട് ഇത്തവണ നേരത്തെ തന്നെ നേതൃത്വം നൽകി ക്രമീകരണങ്ങളും ഒരുക്കങ്ങളും വിലയിരുത്തി ഏകോപിപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന് കളക്ടർ ഡോ പി കെ ജയശ്രീ വ്യക്തമാക്കി.
0 Comments