പോപ്പിൻ്റെ ഗൾഫ് സന്ദർശനത്തിന് മലയാളിയുടെ ലോഗോ ; ഭാഗ്യം ലഭിച്ചത് കോട്ടയംകാരന്




 സുനിൽ പാലാ

ഫ്രാൻസീസ് മാർപ്പാപ്പയുടെ ഗൾഫിലെ ചരിത്ര യാത്രയുടെ ലോഗോ തയ്യാറാക്കിയത് കോട്ടയംകാരൻ പ്രവീൺ. വാഴൂർ 19-ാം മൈൽ പ്രവീൺ ഐസക്കാണ് ഈ കലാകാരൻ.

മൂന്നു വർഷം മുന്‍പ് യു എ ഇ യില്‍ നടത്തിയ അപ്പസ്‌തോലിക സന്ദര്‍ശനത്തിന് ശേഷം ഫ്രാന്‍സിസ് പാപ്പ ഇപ്പോള്‍ ബഹ്‌റൈനില്‍ സന്ദര്‍ശനം തുടരുമ്പോള്‍ ശ്രദ്ധാകേന്ദ്രമാവുകയാണ് പ്രവീണും ഈ ലോഗോയും.

ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ബഹ്‌റൈന്‍ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്ത പ്രവീൺ തന്നെയാണ് 2019ല്‍ നടന്ന യു.എ.ഇയിലെ പേപ്പല്‍ പര്യടനത്തിന്റെ ലോഗോയും തയ്യാറാക്കിയത്.

ദുബായില്‍ 11 വര്‍ഷം സേവനം ചെയ്തിട്ടുള്ള പ്രവീണ്‍, സതേണ്‍ അറേബ്യന്‍ വികാരിയാത്തിന്റെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഏഴു വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയെങ്കിലും അറേബ്യന്‍ സഭയുമായുള്ള ബന്ധം തുടര്‍ന്നു. 

സതേണ്‍ അറേബ്യന്‍ വികാരിയാത്തിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഇ.ജെ ജോണ്‍ ആണ് പാപ്പയുടെ സന്ദര്‍ശനത്തിന്റെ ലോഗോ തയാറാക്കാന്‍ പ്രവീണിനോട് ആവശ്യപ്പെട്ടത്. ആദ്യം പാപ്പയുടെ യുഎഇ സന്ദര്‍ശനത്തിലും ഇപ്പോള്‍ ബഹ്‌റൈന്‍ സന്ദര്‍ശനത്തിലും ലോഗോ വരയ്ക്കുവാന്‍ പ്രവീണിന് മുന്നില്‍ നിമിത്തമായത് ഇ.ജെ ജോണ്‍ തന്നെയായിരിന്നു.

ദൈവത്തിന് മുന്നിലേക്ക് തുറന്നിരിക്കുന്ന രണ്ടു കൈകള്‍ക്കു സമാനമായി ബഹ്റൈന്റെയും പരിശുദ്ധസിംഹാസനത്തിന്റെയും പതാകകള്‍ വരച്ചുചേര്‍ത്തിരിക്കുന്നതാണ് അപ്പസ്‌തോലിക യാത്രയുടെ ലോഗോ. സമാധാനത്തിന്റെ അടയാളമായ ഒലിവിലയും പ്രവീണ്‍ വരച്ച ലോഗോയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മറ്റാര്‍ക്കും ലഭിക്കാത്ത അസുലഭ ഭാഗ്യത്തിന് ദൈവത്തിന് നന്ദി അര്‍പ്പിക്കുകയാണ് ഈ യുവാവ്.


മള്‍ട്ടിമീഡിയയില്‍ പ്രാവീണ്യം നേടി ബംഗളൂരുവിലും പിന്നീട് ദുബായിലും സേവനം ചെയ്തിട്ടുള്ള പ്രവീണ്‍ വെബ്‌സൈറ്റ് ഡിസൈനിംഗ്, മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 


വിജയപുരം രൂപത വാഴൂര്‍ മൗണ്ട് കാര്‍മല്‍ ഇടവക പരരേതനായ തമ്പി തോമസും തങ്കമ്മയുമാണ് പ്രവീണിന്റെ മാതാപിതാക്കള്‍. മികച്ച ഗായകന്‍ കൂടിയായ പ്രവീണ്‍ നിരവധി ഭക്തിഗാന കാസറ്റുകളിലും പാടിയിട്ടുണ്ട്.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments