"ആ അപകടത്തിലെ പ്രധാന വില്ലന്‍ കെ.എസ്.ആര്‍.ടി.സി. ബസുതന്നെ.... കണ്ടു പിടിച്ചത് ക്യാമറ..... പൊലീസ് ഉദ്യോഗസ്ഥൻ്റെ വെളിപ്പെടുത്തൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ്സിൽ.... അറുനൂറോളം ഓട്ടോ- ടാക്സി തൊഴിലാളികൾക്കായി ജനമൈത്രീ പൊലീസ് പാടുപെട്ട് സംഘടിപ്പിച്ച ക്ലാസ്സിൽ പങ്കെടുത്തത് കേവലം 8 ഡ്രൈവർമാർ മാത്രം !!! ബാക്കിയുള്ളവർക്കൊന്നും ബോധവത്ക്കരണം വേണ്ടേ ....? അതോ എല്ലാവരും ബോധവാൻമാരാണോ? ക്ലാസ്സിൻ്റെ പ്രസക്തഭാഗത്തിൻ്റെ വീഡിയോയും ഈ വാർത്തയോടൊപ്പം




സുനിൽ പാലാ


 ''തിരക്കേറിയ പാലാ നഗരത്തില്‍ കിഴതടിയൂര്‍ ജംഗ്ഷനില്‍ വച്ച് ഒരു കെ.എസ്.ആര്‍.ടി.സി. ബസിന്റെ ഒത്ത നടുവില്‍ തൊടുപുഴ റോഡില്‍ നിന്നുവന്ന ഒരു കാര്‍ ഇടിച്ചു... ഒറ്റ നോട്ടത്തില്‍ കാറുകാരന്റെ കയ്യിലാണ് പ്രശ്‌നം.


അയാള്‍ വേഗത കുറയ്ക്കാതെ നേരെ ബസിലേക്ക് വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ മൊഴി. ആരുകണ്ടാലും അങ്ങനെ തോന്നും. പക്ഷേ ഗതാഗതത്തിനിടയിലെ അപകടമല്ലേ, പൊലീസ് കൃത്യമായ അന്വേഷണം തുടങ്ങി. നഗരത്തിലെ സിസിടിവികള്‍ എല്ലാം പരിശോധിച്ചു. ഇതില്‍ സ്റ്റേഷനില്‍ വച്ചിരുന്ന മോണിട്ടറില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഇടംവലം നോക്കാതെ പ്രധാന ബൈപാസിലേക്ക് കയറുന്നതാണ് കണ്ടത്. അപ്പോള്‍ പ്രധാന കുഴപ്പക്കാരന്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ തന്നെ. അങ്ങനെയാണ് കാറുകാരന്റെ കയ്യിലാണ് തെറ്റെന്ന ബസ് ഡ്രൈവറുടെ മൊഴി പൊളിഞ്ഞത്...''

ഇന്നലെ പാലായില്‍ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്കായി ട്രാഫിക് ബോധവല്‍ക്കരണക്ലാസ് എടുക്കവെ പാലാ സി.ഐ. കെ.പി. ടോംസണാണ് ഈ അപകടത്തിന്റെ യഥാര്‍ത്ഥ ചിത്രം സദസ്യര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. 

 

 വീഡിയോ ഇവിടെ കാണാം 👇👇👇

 




''നേര്‍ക്കാഴ്ചയും ഉള്‍ക്കാഴ്ചയും പിന്‍കാഴ്ചയുമൊക്കെയുള്ള നല്ല വിവേകമുള്ള വ്യക്തികളായിരിക്കണം ഡ്രൈവര്‍മാര്‍. അല്ലെങ്കില്‍ ഇത്തരം അപടകങ്ങളൊക്കെയുണ്ടാകും. റോഡ്, വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും മാത്രമുള്ളതല്ല. കാട്ടുമൃഗങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങി വഴിവാണിഭക്കാര്‍ വരെ റോഡ് ഉപയോഗിക്കുന്നുണ്ട്. ഇവരുടെയെല്ലാം ജീവന്‍ ഒരു പരിധിവരെ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരുടെ കൈയ്യിലാണ്. അത് മറക്കാന്‍ പാടില്ല'' - സി.ഐ. ഓര്‍മ്മിപ്പിച്ചു.

ഒരു പണിയും കിട്ടാത്തവരാണ് ഡ്രൈവര്‍ ജോലിക്ക് വരുന്നത് എന്നാണ് നമ്മുടെ തെറ്റായ ധാരണ. എന്നാല്‍ അങ്ങനെയെല്ല. ഏറ്റവും ശ്രദ്ധവേണ്ടതും യാത്രക്കാരുടെ സുരക്ഷിതത്വം മുഴുവന്‍ വഹിക്കേണ്ടതുമായ മഹത്തായ ജോലിയാണ് ഡ്രൈവിങ്ങെന്നും കെ.പി. ടോംസണ്‍ ചൂണ്ടിക്കാട്ടി.

പാലാ സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പാലാ ജനമൈത്രി പോലീസ് സംഘടിപ്പിച്ച ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് പാലാ ഡി.വൈ.എസ്.പി. എ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാത്യു എം. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി ഓഫീസര്‍ എസ്. സുദേവ്, അധ്യാപകരായ സിന്ധു, സിജോ തുടങ്ങിയവര്‍ സംസാരിച്ചു.

പാലായില്‍ 600-ഓളം ഓട്ടോ-ടാക്‌സി തൊഴിലാളികള്‍, ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുത്തത് 8 പേര്‍ മാത്രം!

 ഇന്നലെ ജനമൈത്രി പോലീസ് പാലായിലെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച ട്രാഫിക് ബോധവല്‍ക്കണ ക്ലാസില്‍ പങ്കെടുക്കാനെത്തിയത് 8 ഓട്ടോ തൊഴിലാളികള്‍ മാത്രം! പാലായിലാകെ ഓട്ടോ-ടാക്‌സി തൊഴിലാളികളായി 600-ഓളം പേര്‍ ഉള്ളപ്പോഴാണ് പോലീസിന്റെ പരിപാടിയോട് തൊഴിലാളികളുടെ ഈ മുഖം തിരിക്കല്‍. 



മുഴുവന്‍ തൊഴിലാളി യൂണിയന്‍ നേതാക്കളെയും വിവരമറിയിക്കുകയും ഓരോ ടാക്‌സി സ്റ്റാന്‍ഡിലും ചെന്ന് ക്ലാസില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതുമാണെന്ന് ജനമൈത്രി പോലീസ് പറഞ്ഞു.

എന്നാല്‍ യോഗം തുടങ്ങിയപ്പോള്‍ 5 ഓട്ടോക്കാര്‍ മാത്രമാണെത്തിയത്. ഡി.വൈ.എസ്.പി. ഉള്‍പ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയത് 5 പേര്‍ക്ക് ക്ലാസെടുക്കാന്‍!

എന്നാല്‍ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ വരില്ലായെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളെ സദസ്യരാക്കിയത് ഗുണമായി. 50-ഓളം എസ്.പി.സി. കുട്ടികളാണ് സദസ്സിലുണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ 5 ഓട്ടോ തൊഴിലാളികള്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഉദ്ഘാടന സമ്മേളനത്തിനിടെ 3 പേര്‍കൂടി വന്നു. അങ്ങനെ ടാക്‌സി തൊഴിലാളികളുടെ എണ്ണം 8 ആയി. 

 


 

നാഴികയ്ക്ക് നാല്പതുവട്ടം പാലാ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്ന യൂണിയന്‍ നേതാക്കളുടെ അനുയായികള്‍ പോലും ജനമൈത്രി പോലീസ് സംഘടിപ്പിച്ച ക്ലാസില്‍ പങ്കെടുക്കാന്‍ എത്തിയില്ല എന്നതാണ് ഏറെ വിചിത്രമായത്.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments