സുനില്‍ പാലാ
ഇന്നലെ വൈകിട്ട് പാലാ നഗരസഭ പ്ലാറ്റിനം ജൂബിലിയാഘോഷ പരിപാടികളെക്കുറിച്ച് അവസാന വട്ടമായി ആലോചിക്കാനും സ്വാഗതസംഘം രീപീകരിക്കാനും കൂടിയ യോഗം ബഹിഷ്‌കരിക്കാനുള്ള നഗരസഭ പ്രതിപക്ഷമായ യു.ഡി.എഫിന്റെ നീക്കത്തിലും തമ്മിലടി.
കഴിഞ്ഞ കുറെ നാളുകളായി പ്രതിപക്ഷത്തിൻ്റെ ഈ അനൈക്യം ഒളിഞ്ഞും തെളിഞ്ഞും നില്‍ക്കുകയായിരുന്നു. ഇന്നലെ പാലായിലെ പൗരപ്രമുഖരുടെ മുന്നില്‍ ഈ തമ്മിലടി ഒരിക്കല്‍ക്കൂടി മറനീക്കി പുറത്തുവന്നു.
സ്വാഗതസംഘം രൂപീകരണ യോഗം ബഹിഷ്‌കരിക്കാന്‍ യു.ഡി.എഫിലെ ഭൂരിപക്ഷം കൗണ്‍സിലര്‍മാരും ചേര്‍ന്ന് തീരുമാനം എടുത്തിരുന്നു.
പ്രതിപക്ഷത്തെ ജിമ്മി ജോസഫാണ് കൗണ്‍സിലില്‍ പ്ലാറ്റിനം ജൂബിലിയാഘോഷം ചര്‍ച്ച ചെയ്തില്ലെന്ന് ആരോപിച്ച് പ്രതിഷേധിക്കുന്നുവെന്ന് പറഞ്ഞ് ആദ്യം ഇറങ്ങിപ്പോയത്. പിന്നീട് പ്രതിപക്ഷത്തെ സിജി ടോണിയും, ലിജി ബിജുവും ജോസ് ഇടേട്ടും ഇറങ്ങിപ്പോയി. കുറെ നേരംകൂടി കാത്തുനിന്ന ശേഷം പ്രതിപക്ഷാംഗം മായ രാഹുലും പുറത്തേക്ക് പോകാനൊരുങ്ങി. ഒപ്പം ഇരുന്നിരുന്ന ആനി ബിജോയി, ലിസിക്കുട്ടി മാത്യു എന്നിവരെക്കൂടി വിളിച്ചിറക്കാന്‍ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി നിര്‍ബന്ധിച്ചെങ്കിലും അവര്‍ വരുന്നില്ലെന്നാണ് അറിയിച്ചത് എന്നായിരുന്നു മായയുടെ മറുപടി. പിന്നീട് മായയും പുറത്തേക്ക് പോയി.
പ്രൊഫ. സതീശ് ചൊള്ളാനിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വി.സി. പ്രിന്‍സും കൂടി ഹാളിന് പുറത്തേക്ക് പോയെങ്കിലും കുറച്ചുകഴിഞ്ഞപ്പോള്‍ പ്രിന്‍സ് തിരികെയെത്തി. കോണ്‍ഗ്രസിലെ ആനി ബിജോയിയും ലിസിക്കുട്ടി മാത്യുവും സീറ്റില്‍ നിന്ന് എഴുന്നേറ്റതേയില്ല. പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ക്ക് പുല്ലുവില കൊടുത്ത് ഇരുവരും യോഗത്തില്‍ തുടര്‍ന്നു.
യോഗം തുടങ്ങുംമുമ്പേ 9 അംഗ പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ 5 പേര്‍ യോഗം ബഹിഷ്‌കരിക്കണമെന്നും 4 പേര്‍ വേണ്ടയെന്നും തീരുമാനമെടുത്തിരുന്നു. പിന്നീട് ഭൂരിപക്ഷ തീരുമാനം നടക്കട്ടെയെന്ന് പ്രൊഫ.സതീശ് ചൊള്ളാനി നിർദ്ദേശം നൽകിയെങ്കിലും ആനി ബിജോയിയും ലിസിക്കുട്ടി മാത്യുവും ഇതിന് തയ്യാറായില്ല. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം യോഗം ബഹിഷ്‌കരിക്കാനുള്ള നീക്കം ചീറ്റിപ്പോയി.
ആദ്യം യോഗത്തില്‍ നിന്ന് പുറത്തുപോയ വി.സി. പ്രിന്‍സ് പിന്നീട് യോഗത്തില്‍ എത്തുകയും 75-ാം വാര്‍ഷികാഘോഷ ഭാഗമായി വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കാന്‍ താന്‍ ഒരുക്കമാണെന്ന് കൗണ്‍സിലിനെ അറിയിക്കുകയും ചെയ്തു.
യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധ പരിപാടിയെ യോഗത്തില്‍ പങ്കെടുത്ത മറ്റ് നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു.
''തമ്മിലടിക്കണമെങ്കില്‍ അത് കൗണ്‍സില്‍ ഹാളില്‍ മതി, ഇവിടെ വേണ്ട'' ബി.ജെ.പി. പ്രതിനിധി ബിനീഷ് ചൂണ്ടച്ചേരി തുറന്നടിച്ചു.
''പ്രതിഷേധമുണ്ടെങ്കില്‍ അത് അതിന്റേതായ ഫോറത്തില്‍ വേണമായിരുന്നു അവതരിപ്പിക്കാനെന്നും ഇവിടെ പ്രതിഷേധം അറിയിച്ചാല്‍ പോലും തുടര്‍ന്നും ഇരിക്കാനുള്ള മര്യാദ ജനപ്രതിനിധികള്‍ കാണിക്കേണ്ടതായിരുന്നുവെന്നും'' സി.പി.എം. പ്രതിനിധി പി.എം. ജോസഫ് പറഞ്ഞു.നഗരഭരണസമിതി എന്ന് പറഞ്ഞാൽ അത് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ചേർന്നതാണ് .
എല്ലാവരെയും ഒത്തുചേര്‍ത്തുള്ള ആഘോഷപരിപാടികളാണ് അഭികാമ്യമെന്ന് യോഗത്തില്‍ പങ്കെടുത്തവരെല്ലാം നിര്‍ദ്ദേശിച്ചു. എന്തായാലും രാഷ്ട്രീയ ചേരിതിരിവിന്റെ പേരിലായാല്‍പോലും ഒന്നിച്ച് നില്‍ക്കാന്‍ കഴിയാത്ത നഗരസഭ പ്രതിപക്ഷത്തിന്റെ സമീപനം യു.ഡി.എഫിന്റെ സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് പോലും നാണക്കേടാവുകയാണ്.
0 Comments