സുനിൽ പാലാ
പാലാ നഗരസഭ പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍. കഴിഞ്ഞ ഏഴര പതിറ്റാണ്ടായി പാലാ നഗരത്തിന്റെ സമഗ്രവികസനത്തിന്റെ കേന്ദ്രബിന്ദുവായി നില്‍ക്കുന്നത് ഈ നഗരസഭയാണ്.
1947 ല്‍ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജവിന്റെ ഹജൂര്‍ കച്ചേരിയില്‍ നിന്നുള്ള വിജ്ഞാപനം അനുസരിച്ചാണ് നഗരസഭ രൂപംകൊണ്ടതെങ്കിലും 1949 നവംബര്‍ 24 മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
മുനിസിപ്പാലിറ്റികളുടെ ഭരണം മലയാളവര്‍ഷം 1116 ലെ 16-ാം ആക്ടായ തിരുവിതാംകൂര്‍ ഡിസ്ട്രിക്ട് മുനിസിപ്പാലിറ്റീസ് ആക്ട് അനുസരിച്ചായിരുന്നു.
പാലാ നഗരസഭ രൂപീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം 1947 ആഗസ്റ്റ് 28-ാം തീയതി പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങളും നോമിനേറ്റു ചെയ്യപ്പെട്ട ഒരു അനുദ്യോഗസ്ഥനും രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരും അടങ്ങുന്ന പ്രഥമ കൗണ്‍സിലില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ റ്റി.എ. തൊമ്മന്‍, എന്‍.പി. കൃഷ്ണന്‍ നായര്‍, ശങ്കരപ്പിള്ള കല്ലില്‍, ജോസഫ് ചാണ്ടി ഞാവള്ളില്‍, മൈക്കിള്‍ ജോസഫ് മണര്‍കാട്ട്, കെ.റ്റി. മാത്യു കൊട്ടാരം, ഡോ. ദേവസ്യ തോമസ് പുതുമന, ജോസഫ് തുമ്പശ്ശേരി, കോര ചാണ്ടി വെള്ളരിങ്ങാട്ട്, ഡി. കുരുവിള മനയാനി എന്നിവരായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട 10 പേരും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസുകാരായിരുന്നു. അക്കാലത്തെ പ്രമുഖ നേതാവായിരുന്നു ആര്‍.വി. തോമസ്.
കൗണ്‍സിലിന്റെ പ്രഥമയോഗം 1947 സെപ്റ്റംബര്‍ 22-ാം തീയതി മീനച്ചില്‍ താലൂക്ക് ഓഫീസില്‍ ചേര്‍ന്നു. പ്രസിഡന്റായി ആര്‍.വി. തോമസിന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടു. രാജദ്രോഹകുറ്റത്തിന് ശിക്ഷ അനുഭവിച്ചു എന്ന അയോഗ്യത ചൂണ്ടിക്കാണിച്ച് വരണാധികാരി ആ നിര്‍ദ്ദേശം തള്ളി. പകരം മറ്റാരുടെയും പേര് നിര്‍ദ്ദേശിക്കാന്‍ കൗണ്‍സിലര്‍മാര്‍ തയ്യാറായില്ല. ഒരു തീരുമാനവുമെടുക്കാതെ യോഗം പിരിഞ്ഞു.
1949 ഒക്‌ടോബര്‍ 26-ാം തീയതി കോട്ടയം ഡിവിഷന്‍ പേഷ്‌കാര്‍ കാസിമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ കൗണ്‍സില്‍ യോഗത്തില്‍ ജോര്‍ജ്ജ് തോമസ് കൊട്ടുകാപ്പള്ളിയെ പ്രസിഡന്റായി ഏകകണ്ഠമായ അഭിപ്രായത്തില്‍ തെരഞ്ഞെടുത്തു. അക്കാലത്ത് കൗണ്‍സില്‍ അംഗമല്ലാത്ത ഒരാളെ പ്രസിഡന്റാക്കുവാന്‍ അനുവദിക്കുന്ന ഡിസ്ട്രിക്ട് മുനിസിപ്പാലിറ്റീസ് ആക്ട് പ്രാബല്യത്തിലിരുന്നു.
ജനനകാലത്ത് തിരുവിതാംകൂര്‍ രാജ്യത്തെ 22 മുനിസിപ്പാലിറ്റികളില്‍ ഒന്നായി രൂപംകൊണ്ട് സ്വതന്ത്രഭാരതത്തിലെ ഒരു സംസ്ഥാനത്തെ മുനിസിപ്പാലിറ്റിയായി പാലാ പ്രവര്‍ത്തനം ആരംഭിച്ചു. 1949 ഒക്‌ടോബര്‍ 26-ാം തീയതി ജോര്‍ജ്ജ് തോമസ് കൊട്ടുകാപ്പള്ളി പ്രസിഡന്റായി ഭരണഭാരമേറ്റെടുത്തു.
പിന്നീട് 10 വാര്‍ഡ് 12 വാര്‍ഡുകളായി. സംവരണമുള്‍പ്പെടെ രണ്ട് സ്ഥാനംകൂട്ടി 14 കൗണ്‍സിലര്‍മാരായി. തുടര്‍ന്ന് 16 വാര്‍ഡായി - 20 വാര്‍ഡായി - ഇപ്പോള്‍ 26 വാര്‍ഡും 26 കൗണ്‍സിലര്‍മാരുമായി ഭരണം തുടരുന്നു.
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നൂറുദിന ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.
22-ാം തീയതി വിപുലമായ ജൂബിലിയാഘോഷ പരിപാടികള്‍ നടക്കും. ഉച്ചതിരിഞ്ഞ് 2.30 ന് സെന്റ് തോമസ് സകൂള്‍ ഗ്രൗണ്ടില്‍ നിന്നും ജൂബിലി ഘോഷയാത്ര ആരംഭിക്കും. ടൗണ്‍ചുറ്റിയുള്ള ഘോഷയാത്ര ടൗണ്‍ഹാളില്‍ സമാപിച്ചശേഷം ചേരുന്ന സമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന്‍, ജോസ് കെ. മാണി എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുക്കും.
0 Comments