സ്വന്തം ലേഖകൻ
നഗരസഭയുടെ ജനകീയ ഭക്ഷണശാല ഏതുവിധേനയും നിലനിര്‍ത്താന്‍ ഇന്നലെ വൈകിട്ട് ചേര്‍ന്ന പാലാ നഗരസഭാ യോഗം തീരുമാനിച്ചു.
നിലവില്‍ ജനകീയ ഹോട്ടലിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് ഇല്ലാത്ത സാഹചര്യത്തില്‍ ഇത് ലഭ്യമാക്കുന്നതിന് സര്‍ക്കാരിലേക്ക് ഉടന്‍ അപേക്ഷ കൊടുക്കും. മുനിസിപ്പല്‍ ചട്ടപ്രകാരം കെട്ടിടത്തിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ ലൈസന്‍സ് ലഭിക്കാന്‍ ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാരിനേ കഴിയൂ എന്ന് ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര കൗണ്‍സിലിനെ അറിയിച്ചു.
ജനകീയ ഹോട്ടല്‍ നിലനിര്‍ത്തുന്നതിന് നിയമാനുസൃതം വേണ്ട കാര്യങ്ങളെല്ലാം ഉടനടി ചെയ്യുമെന്നും ചെയര്‍മാന്‍ കൗണ്‍സിലിനെ അറിയിച്ചു.
ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ജനകീയ ഹോട്ടല്‍ ഒരു കാരണവശാലും നിര്‍ത്താന്‍ പാടില്ലെന്ന് പ്രതിപക്ഷനേതാവ് പ്രൊഫ. സതീശ് ചൊള്ളാനി പറഞ്ഞു. അതേസമയം ലൈസന്‍സോടുകൂടി മാത്രമേ ഹോട്ടല്‍ പ്രവര്‍ത്തിപ്പിക്കാവൂ എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
നിലവില്‍ ഭക്ഷണം കുടുംബശ്രീ പ്രവര്‍ത്തകര്‍ വീട്ടില്‍ ഉണ്ടാക്കിയാണ് കൊണ്ടുവരുന്നതെന്നും ജനകീയ ഹോട്ടലില്‍ വച്ച് ഇത് വിതരണം ചെയ്യുന്നതേയുള്ളൂവെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.
പാലാ നഗരസഭയില്‍ റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന് കെട്ടിടം നിര്‍മ്മിക്കാന്‍ ഒന്നാം വാര്‍ഡില്‍ പരമലക്കുന്നിലെ സ്ഥലം ഏറ്റെടുക്കാവുന്നതാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഷാജു വി. തുരുത്തന്റെ അഭിപ്രായം അംഗീകരിച്ചുകൊണ്ട് പ്രസ്തുത സ്ഥലം പരിശോധിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
പാലാ നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട 50 റോഡുവര്‍ക്കുകളുടെ ടെണ്ടര്‍ ക്ഷണിച്ചതില്‍ ലഭ്യമായ ടെണ്ടറുകള്‍ നിലവില്‍ അംഗീകരിക്കേണ്ടതില്ലെന്ന് കൗണ്‍സില്‍ തീരുമാനിച്ചു. ടാറിംഗ് വര്‍ക്കുകള്‍ കരാറുകാര്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നതിനാല്‍ അവരെ പ്രത്യേകം വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ സംസാരിച്ചതിന് ശേഷം മാത്രമേ ഈ വര്‍ക്കുകള്‍ക്ക് അനുമതി കൊടുക്കാവൂ എന്ന് ഭരണപ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. വിഷയം അടുത്ത കൗണ്‍സിലേക്ക് മാറ്റിവയ്ക്കാനും തീരുമാനിച്ചു. ചര്‍ച്ചകളില്‍ അഡ്വ. ബിനു പുളിക്കക്കണ്ടം, തോമസ് പീറ്റര്‍, ജിമ്മി ജോസഫ്, പ്രൊഫ. സതീശ് ചൊള്ളാനി, വി.സി. പ്രിന്‍സ്, ലീന സണ്ണി, ഷാജു വി. തുരുത്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments