കുടുംബവിഹിതം പകുത്ത് നല്‍കി ഭൂരഹിതന് വീടൊരുക്കി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്




 സുനിൽ പാലാ

പാലാ രൂപതയുടെ സാമൂഹിക പ്രതിബദ്ധത വെളിപ്പെടുത്തി  ഹോം പാലാ  പദ്ധതിയുടെ മുഖവും കരുതലുമായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്.


കയ്യൂരിലെ കുടുംബസ്വത്തിലൂടെ തനിക്ക് ലഭിച്ച ഭൂമി ഒരു ഭൂരഹിത കുടുംബത്തിന് പകുത്ത് നല്‍കി വീടൊരുക്കിയാണ് മാര്‍ ജോസഫ് കല്ലറങ്ങാട് വീണ്ടും കരുതലിന്റെ മുഖമായി മാറിയത്.

 മാര്‍ ജോസഫ് കല്ലറങ്ങാട് ദാനം ചെയ്ത ഭൂമിയില്‍ പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് കൂവൈറ്റ് ചാപ്റ്റര്‍ മനോഹരമായ വീട് പണിതീര്‍ത്ത് കൈമാറി.

പാലാ രൂപതാതിര്‍ത്തിയിലെ ഭവനരഹിതരേയും ഭൂരഹിതരേയും പുനരധിവസിപ്പിക്കുന്നതിനായാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ രൂപതയില്‍  ഹോം പാലാ പദ്ധതി ആരംഭിച്ചത്.

നാനാജാതി മതസ്ഥരായ നിരവധിപേര്‍ക്ക് ഇതിനോടകം ഭൂമിയായും വീടായും കരുതലാകാന്‍ രൂപതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ 658 വീടുകളാണ് ഇതിനോടകം പണിതീര്‍ത്തിട്ടുള്ളത്. മാതൃകാപരമായി പദ്ധതി മുന്നേറുന്നതിനിടയിലാണ് സ്വന്തം കുടുംബവിഹിതം നിര്‍ധനകുടുംബത്തിന്റെ വീടെന്ന സ്വപ്നത്തിനായി പകുത്തി നല്‍കാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട് തയ്യാറായത്. വീട് മാര്‍ ജോസഫ് കല്ലറങ്ങാട് ആശീര്‍വദിച്ച് കൈമാറി.



ഹോം പാലാ പദ്ധതി ഇടവകളില്‍ കൂടുതല്‍ സജീവമാകണമെന്ന് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. പ്രാദേശികമായ മുന്നേറ്റമായി ഇത് മാറണം. ഭവനരഹിതരേയും ഭൂരഹിതരേയും പുനരധിവസിപ്പിക്കുന്ന ഈ പദ്ധതി ക്രൈസ്തവ ജീവിതത്തിന്റെ ഭാഗമാണ്. ഇത് ക്രൈസ്തവ സാക്ഷ്യവുമാണെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.

 രൂപത പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടറും ഹോം പാലാ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, കയ്യൂര്‍ ക്രിസ്തുരാജ പള്ളി വികാരി ഫാ. മാത്യു എണ്ണയ്ക്കാപ്പിള്ളില്‍, ഫാ. മാത്യു തെന്നാട്ടില്‍ എന്നിവര്‍ ആശീര്‍വാദത്തില്‍ സഹകാര്‍മികരായി.
പിഡിഎംഎ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ഷാജി മങ്കുഴിക്കരിയുടെ നേതൃത്വത്തില്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രതിനിധികള്‍ പങ്കെടുത്തു. ഡൊമിനിക് മാത്യു, സിവി പോള്‍ പാറയ്ക്കല്‍, ജയ്‌സണ്‍ സേവ്യര്‍, ടോമി സിറിയക് കണിച്ചുകാട്ട്, സിബി സ്‌കറിയ അമ്പഴത്തിങ്കല്‍ തുടങ്ങിയവരാണ് കുവൈറ്റ് ചാപ്റ്ററിലൂടെ വീട് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്.




 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments