സ്വന്തം ലേഖകൻ
സി.പി.എം. ഭരിക്കുന്ന മീനച്ചില്‍ പഞ്ചായത്തില്‍ സി.പി.എമ്മില്‍ നിന്ന് സി.പി.ഐയിലേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്ക്.
സി.പി.എം. മുന്‍ലോക്കല്‍ സെക്രട്ടറി സോമിച്ചന്‍ ജോര്‍ജ്ജ് ഉള്‍പ്പെടെയുള്ളവര്‍ നാളുകള്‍ക്ക് മുന്നേ തന്നെ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് സി.പി.ഐയിലേക്ക് പോയിരുന്നു.
സി.പി.എമ്മിലെ ചില നേതാക്കളുടെ ഏകാധിപത്യ പ്രവര്‍ത്തനത്തില്‍ മനംമടുത്താണ് തങ്ങള്‍ പാർട്ടി വിട്ടതെന്ന് സി.പി.ഐയിലേക്ക് പോയവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം 25 ഓളം പേരാണ് സി.പി.ഐയിലേക്ക് ചേര്‍ന്നത്.
നേരത്തെ സി.ഐ.ടി.യുവിലെ വാര്‍ക്കത്തൊഴിലാളി യൂണിയന്റെ തൊഴിലാളികള്‍ ഒന്നടങ്കം രാജിവച്ച് എ.ഐ.ടി.യു.സിയിലേക്ക് പോയിരുന്നു.
സി.പി.എം. പാലാ ഏരിയ കമ്മറ്റിയംഗം ജോയി കുഴിപ്പാലയാണ് മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ്. വിവിധ കാരണങ്ങളാല്‍ നേതാക്കളോട് രൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിച്ചാണ് പലരും പാര്‍ട്ടി വിട്ടത്. വിളക്കുമാടം ഭാഗത്ത് നേരത്തെ സി.പി.ഐയ്ക്ക് ഒരു ബ്രാഞ്ചും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവിടെ മൂന്ന് ബ്രാഞ്ച് കമ്മറ്റികളായിക്കഴിഞ്ഞു. ഇതിലെ ഭൂരിപക്ഷം പേരും സി.പി.എമ്മില്‍ നിന്ന് വന്നവരാണ്.
മുമ്പ് സി.പി.എമ്മിന്റെ ശക്തികേന്ദ്രമായിരുന്നു മീനച്ചില്‍ പഞ്ചായത്തിലെ പല പ്രദേശങ്ങളും.
150 ഫുള്‍പാര്‍ട്ടി മെമ്പര്‍ഷിപ്പാണ് സി.പി.ഐയ്ക്ക് ഇപ്പോൾ മീനച്ചില്‍ ലോക്കലിലുള്ളത്.
സി.പി.എമ്മിന്റെ ബ്രാഞ്ച് കമ്മറ്റിയിൽ ഉണ്ടായിരുന്നവർ ഉള്‍പ്പെടെയാണ് കഴിഞ്ഞ ദിവസം സി.പി.ഐയില്‍ ചേര്‍ന്നത്.
പുതിയ അംഗങ്ങളെ സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് വിളക്കുമാടം ബ്രാഞ്ച് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.
ലോക്കല്‍ സെക്രട്ടറി ബിജു തോമസിന്റെ നേതൃത്വത്തിലാണ് പുതുതായി എത്തിയവരെ പാര്‍ട്ടിയിലേക്ക് വരവേറ്റത്.
പാര്‍ട്ടി നടപടി ഭയന്ന് പുറത്തുപോയവരെന്ന് സി.പി.എം.... മീനച്ചിലിൽ പാർട്ടി ഒറ്റക്കെട്ട്, ശക്തം
ഇതേസമയം മീനച്ചില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ മത്സരിച്ചവര്‍ ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് നടപടിയുണ്ടാകുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ചുരുക്കം ചിലര്‍ പാര്‍ട്ടി വിട്ടുപോയതെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം.
മീനച്ചിലിൽ പാർട്ടി ഒറ്റക്കെട്ടാണെന്നും തുടർന്നും ശക്തമായി മുന്നോട്ടു പോകുമെന്നും നേതാക്കൾ പറഞ്ഞു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments