സുനിൽ പാലാ
അങ്ങനെ രാഹുലിനെയും സിനിമയിലെടുത്തു! അശരണരുടെ ആശാകേന്ദ്രമായ പാലാ മരിയസദനിലെ അന്തേവാസിയായ രാഹുലിന്റെ സ്വപ്നമായിരുന്നു സിനിമയില്‍ അഭിനയിക്കുക എന്നുള്ളത്. അതിനായി മരിയസദന്‍ ഡയറക്ടര്‍ സന്തോഷ് ജോസഫ് തന്നെ ഒരു വഴി കണ്ടുപിടിച്ചു; അങ്ങനെ മരിയ സദന്‍ നിര്‍മ്മിച്ച ''പകല്‍വീട്'' എന്ന ഹൃസ്വചിത്രത്തില്‍ നല്ലൊരു വേഷം രാഹുലിന് ലഭിച്ചു.
ഇരുളടഞ്ഞ മനസ്സിന്റെ ഇടനാഴിയിലെവിടെയോ ഉദയം ചെയ്ത ആവേശത്തോടെ ''ഉണ്ണിക്കുട്ടന്‍'' എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കി 24കാരനായ രാഹൂല്‍. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ഉള്‍പ്പെട്ട കുടുംബത്തിന്റെ ദൈന്യാവസ്ഥയില്‍ പകല്‍വീടെന്ന കാരുണ്യമതികളുടെ കരുതലിന്റെ ഇരിപ്പിടത്തില്‍ ഉണ്ണിക്കുട്ടനും കുടുംബത്തിനും ലഭിക്കുന്ന സന്തോഷത്തിന്റെ കഥകൂടിയാണീ കൊച്ചുസിനിമ.
''അഞ്ച് വര്‍ഷമായി ഞാന്‍ മനസ്സില്‍ കൊണ്ടുനടന്ന ഒരാഗ്രഹമായിരുന്നു സിനിമയില്‍ അഭിനയിക്കുക എന്നുള്ളത്. ദൈവം ഇപ്പോള്‍ എനിക്കതിനുള്ള അനുഗ്രഹം തന്നു, ഒരുപാട് സന്തോഷമുണ്ട്'' മരിയസദന്‍ സന്തോഷിന്റെ അടുത്തുനിന്ന് ഇത് പറയുമ്പോള്‍ രാഹുലിന്റെ കണ്ണുകളില്‍ സന്തോഷത്തിളക്കം. പുത്തന്‍ കളിപ്പാട്ടം കിട്ടിയ കുഞ്ഞിന്റെ ആഹ്ലാദം. കൂത്താട്ടുകുളം സ്വദേശിയായ രാഹുല്‍ മനസ്സിന്റെ താളം തെറ്റുമ്പോള്‍ അക്രമസ്വഭാവം കാണിക്കും. ചികിത്സയ്ക്കായി ഒരുപാട് പണം ചെലവഴിച്ചതോടെ കുടുംബം കുത്തുപാളയെടുത്തു. ഒടുവില്‍ മരിയസദനില്‍ എത്തിയപ്പോഴും രാഹുല്‍ പലപ്പോഴും അക്രമാസക്തനായി. പക്ഷേ ഇതൊന്നും വകവയ്ക്കാതെ മരിയസദന്‍ സന്തോഷ് രാഹുലിനെ ചിത്രത്തില്‍ അഭിനയിപ്പിക്കുകയായിരുന്നു. ഇതോടെ മനസ്സില്‍ സന്തോഷത്തിന്റെ താളം നിറച്ച രാഹുല്‍ ഇപ്പോള്‍ രോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും കാണിക്കുന്നില്ല എന്നതാണത്ഭുതം.
മരിയസദന്‍ സന്തോഷ് തന്നെ കഥയും, തിരക്കഥയും, സംഗീതവും, സംവിധാനവുമൊരുക്കിയ പകല്‍വീട് ഇന്നലെ വൈകിട്ടാണ് റിലീസ് ചെയ്തത്. മരിയസദന്‍ സന്തോഷും ഇതില്‍ പ്രധാന വേഷം അഭിനയിക്കുന്നുണ്ട്. സിനിമ നടന്‍ ചാലി പാലാ, പ്രമുഖ മനോരോഗ ചികിത്സാവിദഗ്ധന്‍ ഡോ. ടി. മുരളി, ഗായിക റിമി ടോമിയുടെ അമ്മ റാണി, സംഗീത സംവിധായകനായ ആലപ്പി ബെന്നി, ജോബി പാലാ, പുന്നപ്ര അപ്പച്ചന്‍, സിന്ധു തുടങ്ങിയവരും ഒപ്പം മരിയസദനിലെ മറ്റുചില അന്തേവാസികളും പകല്‍വീട്ടിലെ കഥാപാത്രങ്ങളാണ്.
0 Comments