സ്വന്തം ലേഖകൻ
''സ്വന്തം പിറന്നാളാഘോഷമായിട്ടും പാതിരാത്രിയില്‍ എന്റെ ജീവന്‍ രക്ഷിക്കാന്‍ ഓടിവന്നതാണ് ഡോ. രാജേഷ് ആന്റണി സാര്‍ ... ഇവിടുത്തെ കൃത്യസമയത്തുള്ള ചികിത്സയും തുടര്‍പരിചരണങ്ങളുമാണ് എന്നെ ഇന്നീ വേദിയില്‍ നിര്‍ത്തുന്നത് ...'' പ്രമുഖനായ ആ വ്യവസായിയുടെ കണ്ണുനീരില്‍ കുതിര്‍ന്ന വാക്കുകള്‍ ഇടറി.
പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഇന്നലെ രാവിലെ സംഘടിപ്പിച്ച പക്ഷാഘാതം ഭേദമായവരുടെ സംഗമത്തിലാണ് മെഡിസിറ്റിയിലെ ഡോക്ടര്‍മാരെക്കുറിച്ചും ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചും പറഞ്ഞപ്പോള്‍ ഈ വ്യവസായി ഗദ്ഗദകണ്ഠനായത്.
രോഗം ഭേദമായവരുടെ സംഗമത്തില്‍ 40-ഓളം പേരാണ് പങ്കെടുത്തത്. ജീവിതത്തിലേക്ക് ഒരിക്കലും പഴയപോലെ തിരിച്ചുവരവ് ഇല്ലെന്ന് സ്വയം ഉറപ്പിച്ചവരെ വിദഗ്ധചികിത്സയും പരിചരണവും നല്കി ജീവിതത്തിലേക്ക് തിരികെ നടത്തിയ ഡോക്ടര്‍മാരെക്കുറിച്ചു രോഗികള്‍ പറഞ്ഞപ്പോള്‍ കേള്‍വിക്കാരുടെയും കണ്ണുകള്‍ ഈറനായി.
'മെമ്മറീസ്' എന്ന് പേരിട്ട സംഗമം മാണി സി. കാപ്പന്‍ എം.എല്‍.എ.യാണ് ഉദ്ഘാടനം ചെയ്തത്. രോഗം ഭേദമായി മടങ്ങിയവരെ വീണ്ടും പരിഗണിക്കാനും കൂട്ടായ്മയൊരുക്കാനും മാര്‍ സ്ലീവാ മെഡിസിറ്റി അധികൃതര്‍ കാണിച്ച നല്ല മാതൃക പ്രശംസനീയമാണ്. ഓരോ രോഗിക്കും കാരുണ്യവും കരുതലുമൊരുക്കാന്‍ മെഡിസിറ്റിക്ക് കഴിയുന്നുണ്ട്. നാളെകളില്‍ കേരളത്തിലെ ഏറ്റവും മികച്ച ആതുരാലയങ്ങളില്‍ ഒന്നായി മെഡിസിറ്റി മാറുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.
സമ്മേളനത്തില്‍ ആശുപത്രി മാനേജിംഗ് ഡയറക്ടറും പാലാ രൂപത വികാരി ജനറാളുമായ മോണ്‍ ഡോ. ജോസഫ് കണിയോടിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംരക്ഷണത്തിന്റെ സംസ്‌കാരം വളര്‍ത്തിയെടുക്കാനാണ് മാര്‍ സ്ലീവാ മെഡിസിറ്റി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മരുന്നുകൊണ്ട് മാത്രമല്ല രോഗിക്ക് സൗഖ്യമൊരുക്കുന്നത്. കാരുണ്യത്തോടെയുള്ള പരിചരണവും വലിയൊരു ഘടകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മെമ്മറീസ് എന്ന പദ്ധതിയുടെ ലോഗോ പ്രകാശനവും മാണി സി. കാപ്പന്‍ എം.എല്‍.എ. നിര്‍വഹിച്ചു. മെഡിസിറ്റി മെഡിക്കല്‍ വിഭാഗം മേധാവി എയര്‍ കമ്മഡോര്‍ ഡോ. പോളിന്‍ ബാബു, ന്യൂറോസയന്‍സ് വിഭാഗത്തിലെ ഡോ. അരുണ്‍ ജോര്‍ജ്, ഡോ. ജോസി ജെ. വള്ളിപ്പാലം, ഡോ. ജെമിനി ജോര്‍ജ്, ഡോ. മീര ആര്‍, ഡോ. രാജേഷ് ആന്റണി, ഡോ. ജോസ് പോള്‍ ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments