27 വര്‍ഷത്തില്‍ സുധി വളര്‍ന്ന് വലുതായി, പക്ഷേ പപ്പ ഇപ്പോഴും ചെറുപ്പം; വൈറലായി ചിത്രം



മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ഈ പയ്യനെ നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ? ഓര്‍മ കാണാന്‍ വഴിയില്ല. നമ്മള്‍ ഈ മുഖം കാണുന്നത് 27 വര്‍ഷം മുന്‍പാണ്. മമ്മൂട്ടി നായകനായി എത്തിയ നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്ന ചിത്രത്തില്‍. സിനിമയിലെ സുധി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ശരത് പ്രകാശാണത്. 27 വര്‍ഷങ്ങള്‍ക്കു ശേഷം സുധിയും പപ്പയും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെ ശരത്തന്നെയാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ഫോട്ടോ എടുക്കാന്‍ പറ്റിയതിന്റെ സന്തോഷവും പങ്കുവച്ചു കൊണ്ടാണ് പോസ്റ്റ്. ''അങ്ങനെ ഇത് സംഭവിച്ചു. 27 വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിനൊപ്പമൊരു ചിത്രം എടുക്കാനായതില്‍ അതീവ സന്തോഷവാനാണ്. അദ്ദേഹമെന്റെ തോളില്‍ തട്ടി പ്രിവിലേജ് എന്നു പറഞ്ഞപ്പോഴുള്ള വികാരം പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. 

നിങ്ങളുടെ സമയത്തിനും വളരെ മധുരതരമായ പെരുമാറ്റത്തിനും നന്ദി, മമ്മൂക്ക.''-ശരത് കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവച്ചതിനു പിന്നാലെ രസകരമായ കമന്റുകളാണുയരുന്നത്. സുധി വളര്‍ന്ന് പപ്പയുടെ തോളപ്പം എത്തിയിട്ടും പപ്പയ്ക്ക് മാറ്റമില്ല എന്നാണ് കമന്റുകള്‍. മമ്മൂട്ടിയുടെ സൗന്ദര്യത്തെ പ്രശംസിച്ചു കൊണ്ട് നിരവധി കമന്റുകളാണ് ഉയരുന്നത്. മമ്മൂട്ടിയും പ്രിയാരാമനും നായികാനായകരായി അഭിനയിച്ച ചിത്രമാണ് നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്. 


 

അച്ഛന്റേയും അമ്മയുടേയും സ്‌നേഹത്തെക്കുറിച്ച് പറഞ്ഞ ചിത്രത്തില്‍ ശരത് പ്രകാശും ലക്ഷ്മി മരക്കാറുമായിരുന്നു അനുവും സുധിയുമായി എത്തിയത്. ഈ ചിത്രം കൂടാതെ ദ് പ്രിന്‍സ്, അടിവാരം തുടങ്ങിയ സിനിമകളിലും ശരത് അഭിനയിച്ചിട്ടുണ്ട്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന സീമന്തം എന്ന സീരിയലിലും ശരത് ബാലതാരമായി എത്തി.


തിരുവനന്തപുരം സ്വദേശിയായ ശരത് ഇപ്പോള്‍ മോഡലിങിലും പരസ്യ മേഖലയിലും സജീവമാണ്. ഏതാനും പരസ്യ ചിത്രങ്ങളില്‍ ശരത് അഭിനയിച്ചിട്ടുമുണ്ട്. ശരതിന്റെ സഹോദരന്‍ ഹേമന്ദ് പ്രകാശും പരസ്യരംഗത്ത് സജീവമാണ്. അഭിനയത്തിനൊപ്പം സംവിധാനത്തിലും താല്‍പ്പര്യമുള്ള ശരത് ബനോഫീ പൈ എന്നൊരു ഹ്രസ്വചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.




 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments