കെ.എസ്. ഇ. ബി.ക്കാരെ ഇത് കടുത്ത അനാസ്ഥയാണ്..... വെളിച്ചം വൈകുന്നു, സമരം വൈകില്ല ..! കടപ്പാട്ടൂര്‍ ബൈപ്പാസിൽ തെരുവു വിളക്ക് സ്ഥാപിക്കാത്തതിനെതിരെ പ്രക്ഷോഭം വരുന്നു




 സുനിൽ പാലാ

 
ശബരിമല സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം. കടപ്പാട്ടൂരിലെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പന്‍മാരെ ദ്രോഹിക്കാനാണോ കെ.എസ്.ഇ.ബി.യുടെ തീരുമാനം... അതങ്ങ് മനസ്സില്‍ വച്ചാല്‍ മതി. കടപ്പാട്ടൂര്‍ ബൈപാസിലെ തെരുവിവിളക്ക് തെളിക്കാന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കാത്തപക്ഷം കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെ ഉപരോധിക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികളിലേക്ക് കടക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മുന്നറിയിപ്പ് നല്‍കുന്നു.


കടുത്ത തീരുമാനം എടുക്കാന്‍ ജോസ്‌മോനെ നിര്‍ബന്ധിതനാക്കുന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയത് കെ.എസ്.ഇ.ബി.ക്കാര്‍ തന്നെയാണ്.

കടപ്പാട്ടൂര്‍ - പന്ത്രണ്ടാംമൈല്‍ ബൈപ്പാസില്‍ മുത്തോലി പഞ്ചായത്തിന്റെ പരിധിയില്‍വരുന്ന ഒന്നരകിലോമീറ്റര്‍ ദൂരം പോസ്റ്റ് സ്ഥാപിച്ച് ഇലക്ട്രിക് ലൈന്‍ വലിച്ച് തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനായി ജില്ലാപഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാപഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ 7 ലക്ഷം രൂപ അനുവദിച്ചിരുന്നു.

ഈ തുക വൈദ്യുതി ബോര്‍ഡ് പാലാ സെക്ഷന്‍ ഓഫീസില്‍ ജില്ലാ പഞ്ചായത്ത് നിക്ഷേപിച്ചിട്ട് 10 മാസം കഴിഞ്ഞു. എന്നിട്ടും പോസ്റ്റ് സ്ഥാപിക്കാനോ ലൈന്‍ വലിക്കാനോ യാതൊരു നടപടിയും നാളിതുവരെയും കെ.എസ്.ഇ.ബി. അധികൃതര്‍ സ്വീകരിക്കാത്തതാണ് ജില്ലാ പഞ്ചായത്ത് മെമ്പറെ പ്രകോപിപ്പിക്കുന്നത്.

മണ്ഡലകാലത്തിനുമുമ്പ് ലൈന്‍ വലിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ബഹുജനങ്ങളെ സംഘടിപ്പിച്ച് ഇലക്ട്രിസിറ്റി ഓഫീസ് ഉപരോധം ഉള്‍പ്പടെയുള്ള പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുമെന്നാണ് ജോസ്മോന്‍ അറിയിച്ചത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അഡ്വാന്‍സായി പണം നിക്ഷേപിക്കുന്ന പദ്ധതികള്‍ പണം അടച്ച് മൂന്നുമാസത്തിനുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് നിബന്ധനയുള്ളതാണ്. എന്നിട്ടും കടപ്പാട്ടൂര്‍ ബൈപ്പാസ് റോഡില്‍ 10 മാസം മുമ്പ് പണമടച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് വൈദ്യുതി വകുപ്പിന്റെ കടുത്ത അനാസ്ഥയാണെന്ന് യു.ഡി.എഫ്. മുത്തോലി മണ്ഡലം കമ്മറ്റിയും ആരോപിച്ചു.



കടപ്പാട്ടൂര്‍ ബൈപ്പാസില്‍ തെരുവുവിളക്കുകള്‍ ഇല്ലാത്തതുമൂലം സാമൂഹികവിരുദ്ധശല്യം പതിവാണ്. വൈദ്യുതിലൈന്‍ വലിച്ച് തെരുവുവിളക്കുകള്‍ സ്ഥാപിച്ചാല്‍ അയ്യപ്പഭക്തര്‍ക്കൊപ്പം മറ്റ് കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും സുരക്ഷിതയാത്ര സാധ്യമാകുന്നതാണ്.



ഉടന്‍ ലൈന്‍ വലിച്ചില്ലെങ്കില്‍ സമരം - യു.ഡി.എഫ്

രണ്ടാഴ്ചയ്ക്കുള്ളില്‍ ലൈന്‍ വലിക്കുന്ന നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ നടത്താന്‍ യു.ഡി.എഫ്. യോഗം തീരുമാനിച്ചു. യോഗത്തില്‍ യു.ഡി.എഫ്. മണ്ഡലം ചെയര്‍മാന്‍ രാജു കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍, സന്തോഷ് കാവുകാട്ട്, പുത്തൂര്‍ പരമേശ്വരന്‍ നായര്‍, സെബാസ്റ്റ്യന്‍ ഗണപതിപ്ലാക്കല്‍, സജി ഓലിക്കര, ഹരിദാസ് അടമത്തറ, പഞ്ചായത്ത് മെമ്പര്‍മാരായ ഫിലോമിന ഫിലിപ്പ്, ആര്യാ സബിന്‍, കെ.സി മാത്യു കേളപ്പനാല്‍, കുര്യാക്കോസ് മണിക്കൊമ്പില്‍, തങ്കച്ചന്‍ മണ്ണുകശ്ശേരില്‍, ബിബിന്‍ രാജ്, റെജി തലക്കുളം, അനില്‍ മാധവപ്പള്ളി, ദിനേശ് മുന്നകര, സോജന്‍ വാരപ്പറമ്പില്‍, വൈശാഖ് പള്ളിയേടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.




 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments