കെ.പി. തോമസ് മാഷിന്റെ കായിക ജീവിതം @ 60...... ശിഷ്യരുടെ മുദ്രമോതിരങ്ങള്‍ സാക്ഷി.




സുനിൽ പാലാ

കായികാചാര്യനായ കെ.പി. തോമസ് മാഷിന്റെ കൈവിരലുകളില്‍ മൂന്ന് മുദ്രമോതിരം കിടപ്പുണ്ട്; ഒളിമ്പ്യന്‍മാരായ ശിഷ്യര്‍ സമ്മാനിച്ച വിശേഷമോതിരങ്ങള്‍!!! കായികവേദിയിലെ ഷഷ്ട്യബ്ദപൂര്‍ത്തിയുടെ നിറവില്‍ നില്‍ക്കുന്ന കെ.പി തോമസ് മാഷിന്റെ സഫല ജീവിതത്തിന്റെ സാക്ഷ്യമുദ്രകളാണീ മോതിരങ്ങള്‍.


''എന്റെ പ്രിയപ്പെട്ട ശിഷ്യര്‍ എന്നെ കാണാനെത്തുമ്പോള്‍ ആദ്യം കാല്‍തൊട്ട് തൊഴും. പിന്നെയവര്‍ എന്റെ കൈവിരലുകളിലേക്ക് ശ്രദ്ധിക്കും; ഈ മുദ്രമോതിരങ്ങള്‍ ഉണ്ടോ എന്നറിയാന്‍. അതുകൊണ്ടുതന്നെ ഞാനിത് ഊരാതെ സൂക്ഷിക്കുകയാണ്'' ഇന്നലെ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കൗമാര കായികതാരങ്ങളുമായെത്തിയ തോമസ് മാഷ് ''യെസ് വാർത്ത" യോട് പറഞ്ഞു.

1963 ല്‍  21-ാം വയസില്‍ ആര്‍മിയില്‍ നിന്നാരംഭിച്ച അത്ലറ്റിക് പരിശീലനം ഈ 80-ാം വയസിലും തുടരുകയാണ് ഈ ഗുരു ശ്രേഷ്ഠന്‍. ഇതിനോടകം 16 തവണ സംസ്ഥാന സ്‌കൂള്‍ ചാമ്പ്യന്‍ പട്ടം കോട്ടയം ജില്ലയ്ക്ക് നേടിക്കൊടുക്കാന്‍ തോമസ് മാഷിന് കഴിഞ്ഞു. ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളം മികവ് കണ്ടതും കെ.പി തോമസിന്റെ ചിട്ടയായ പരിശീലനം നേടിയ കായിക താരങ്ങളിലൂടെയാണ്.

ഒളിമ്പ്യന്‍മാരായ ശിഷ്യര്‍ അഞ്ജു ബോബി ജോര്‍ജ്ജ് നവരത്‌നമോതിരവും ജിന്‍സി ഫിലിപ്പ് പേരെഴുതിയ സുവര്‍ണ്ണമോതിരവും ആദ്യശിഷ്യ മോളി ചാക്കോ ചെമ്പവിഴം കോര്‍ത്തുകെട്ടിയ സമ്മാനമോതിരങ്ങളാണ് പ്രിയ ഗുരുവിന് സമര്‍പ്പിച്ചത്. 



ഈ രീതിയില്‍ പോയാല്‍ കേരളം പച്ചതൊടില്ല

''വേണ്ടത്ര കായികാധ്യാപകരില്ല, കായികപരിശീലനങ്ങളില്ല, മിടുക്കരായ കായികപ്രതിഭകള്‍ നമുക്കുണ്ടെങ്കിലും ഈ രീതിയാലാണ് കേരളം മുന്നോട്ടുപോകുന്നതെങ്കില്‍ ദേശീയ സ്‌കൂള്‍ മീറ്റില്‍ നമ്മള്‍ പച്ചതൊടില്ല'' - രോഷവും വേദനയും കലര്‍ന്ന വാക്കുകളോടെ കെ.പി.തോമസ് മാഷ് പറഞ്ഞു.

സ്‌കൂളുകളിലെ കായികാധ്യാപകരുടെ ഒഴിവുകള്‍ എത്രയുംവേഗം നികത്താന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments