കുട്ടിപ്പട്ടാളത്തിന് ബിഗ് സല്യൂട്ട് കോട്ടയം റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയില്‍ കായികതാരങ്ങള്‍ക്കും സംഘാടകര്‍ക്കും എല്ലാവിധ പിന്തുണയുമേകിയത് ഒരുപറ്റം കുട്ടികള്‍.





സുനിൽ പാലാ

മുനിസിപ്പൽ സ്‌റ്റേഡിയത്തിലെ കളിയരങ്ങിൽ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിലുള്ള (എസ്.പി.സി) വോളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായി. ട്രാക്കിലും ഫീല്‍ഡിലും കായിക ഉപകരണങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ മുന്നില്‍ നിന്ന ഇവര്‍ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും എല്ലാവര്‍ക്കും ഭക്ഷണം വിളമ്പാനും അതേ ആവേശത്തോടെ നിന്നു.


മത്സരിക്കുന്ന കൗമാര കായികതാരങ്ങള്‍ക്ക് വെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ യഥേഷ്ടം ഒരുക്കിക്കൊടുക്കാന്‍ യൂണിഫോമിട്ട ഈ കുട്ടിപ്പട്ടാളം സര്‍വ്വഥാ സന്നദ്ധരായിരുന്നു.  

മൂന്ന് വര്‍ഷം മുമ്പ് പാലാ സ്റ്റേഡിയത്തില്‍ ഹാമ്മര്‍ത്രോ തലയില്‍ പതിച്ച് വോളണ്ടിയര്‍ ആയിരുന്ന അഫീല്‍ എന്ന വിദ്യാര്‍ത്ഥി മരണമടഞ്ഞ ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായ പശ്ചാത്തലത്തിലാണ് ഇത്തവണ ഗ്രൗണ്ടിലെയും പുറത്തെയും സുരക്ഷയും മറ്റ് സേവന പ്രവര്‍ത്തനങ്ങളും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിനെ ഏല്‍പ്പിക്കാന്‍ സംഘാടകര്‍ തയ്യാറായത്. ഇവരാകട്ടെ ഏറെ പ്രശംസനീയമായ രീതിയില്‍ തങ്ങളുടെ സേവനം നിര്‍വ്വഹിക്കുകയും ചെയ്തു.
ഇന്നലെ മത്സരങ്ങള്‍ക്ക് അവസാന വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഒരു പ്ലാസ്റ്റിക്ക് കൂടുമായി സ്റ്റേഡിയത്തിലും പുറത്തും ഇറങ്ങിയ ഇവര്‍ അവിടെയുണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ അനാവശ്യവസ്തുക്കളും ശേഖരിച്ച് നീക്കം ചെയ്യാനും തയ്യാറായി.




മൂന്ന് ദിവസം നീണ്ടുനിന്ന മേളയുടെ ആദ്യദിനം കിടങ്ങൂര്‍ എന്‍.എസ്.എസ്. സ്‌കൂളിലെയും രണ്ടാംദിനം കിടങ്ങൂര്‍ സെന്റ് മേരീസ് സ്‌കൂളിലെയും മൂന്നാംദിനം ഇടമറ്റം കെ.റ്റി.ജെ.എം. സ്‌കൂളിലെയും എസ്.പി.സി. വിദ്യാര്‍ത്ഥികളാണ് വോളണ്ടിയര്‍മാരായും മറ്റു പ്രവര്‍ത്തനങ്ങളിലും സദാ വ്യാപൃതരായത്. മേളയുടെ വിജയത്തിന് സംഘടാക മികവിനൊപ്പം ഈ കുട്ടി വോളണ്ടിയര്‍മാരുടെ പിന്തുണയും സേവനവും ഏറെ വിലപ്പെട്ടതായി. 



ഓരോ സ്‌കൂളിലെയും 25 സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ വീതമാണ് മാറിമാറി ഓരോ ദിവസവും മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സേവനമനുഷ്ഠിച്ചത്. ഇന്നലെ വൈകിട്ട് ചേര്‍ന്ന സമാപന സമ്മേളനത്തില്‍ സംഘാടകര്‍ ഈ വോളണ്ടിയര്‍മാരുടെ  സേവന മികവിനെ പ്രത്യേകം പ്രശംസിക്കുകയും അനുമോദിക്കുകയും ചെയ്തു.




 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments