കേരളാ കോൺഗ്രസ്സിൻ്റെ പ്രവർത്തനം ഏറെ ചിട്ടയോടെ.... സെമി കേഡർ സ്വഭാവത്തിൽ നേതാക്കളല്ല; പാർട്ടിയാണ് വലുത്. സംഘടനാ തിരഞ്ഞെടുപ്പിനു ശേഷം ഇന്നലെ ചേർന്ന ആദ്യ സെക്രട്ടറിയേറ്റ് യോഗം തന്നെ പാർട്ടി പ്രവർത്തനം മുന്നോട്ട് എങ്ങനെയെന്ന് കൃത്യമായ സൂചന നൽകി ചെയർമാൻ ജോസ്. കെ. മാണി എം.പി.




സ്വന്തം ലേഖകൻ

യോഗത്തിന് താമസിച്ചെത്തിയ തിരുവനന്തപുരം  ജില്ലാ പ്രസിഡന്‍റിനെ അര മണിക്കൂര്‍ പുറത്തു നിര്‍ത്തി ! സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ.യ്ക്കും പണി കിട്ടി.


പതിവു ശീലങ്ങള്‍ വിട്ട് കേരള കോണ്‍ഗ്രസ് എം സെമി കേഡറായി മാറിയ സന്ദേശം വിളിച്ചോതിയാണ്  ആദ്യ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടന്നത്.
 

ചെയര്‍മാന്‍ ജോസ്. കെ. മാണി  മുതല്‍ മന്ത്രിയും എംപിയും എംഎല്‍എമാരും മുഴുവന്‍ അംഗങ്ങളും മൊബൈല്‍ പുറത്തുവച്ച് ഒരു മിനിട്ട് വൈകാതെയും അര മിനിട്ട് നേരത്തേ പോകാതെയും മുഴുനീള പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തതും ആദ്യാനുഭവം - ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ പാർട്ടി പ്രവർത്തനത്തിനും യോഗത്തിനും കർശന അച്ചടക്കം വരുന്നു.

 സംഘടനാ തെരഞ്ഞെടുപ്പിനു ശേഷം കൂടിയ ആദ്യ സെക്രട്ടറിയേറ്റ് യോഗത്തോടെ കേരള കോണ്‍ഗ്രസ് - എം സമ്പൂര്‍ണ സെമി കേഡര്‍ സംവിധാനത്തിലേയ്ക്ക് ആയിക്കഴിഞ്ഞു.

ചൊവ്വാഴ്ച നടന്ന ആദ്യ സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ പാര്‍ട്ടി അച്ചടക്കത്തിന്‍റെ ശക്തമായ സന്ദേശം നേതാക്കള്‍ക്കും അണികള്‍ക്കും നല്‍കുന്നതായിരുന്നു.

ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അധ്യക്ഷതയില്‍ രാവിലെ 10 മണിക്കാരംഭിച്ച 130 അംഗ സെക്രട്ടറിയേറ്റ് വൈകിട്ട് 5 മണിവരെ നീണ്ടു. എല്ലാം മുന്‍കൂട്ടി നിശ്ചയിച്ച സമയക്രമം.

10 മണിയോടെ സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാന്‍ താമസിച്ചെത്തിയ തിരുവനന്തപുരം  ജില്ലാ പ്രസി‍ഡന്‍റിനെ അര മണിക്കൂര്‍ നേരം പുറത്തു വരാന്തയില്‍ നിര്‍ത്തിയ ശേഷമായിരുന്നു വാതില്‍ തുറന്ന് അകത്ത് പ്രവേശിപ്പിച്ചത്.

വിദേശയാത്രയിലായിരുന്നതിനാല്‍ രണ്ടു മണിക്കൂര്‍ താമസിച്ചെത്തിയ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയ്ക്കും കിട്ടി മുന്നറിയിപ്പ്; മേലിൽ ഇങ്ങനെ സംഭവിക്കരുതെന്ന ഉപദേശവും

ഇപ്രകാരം കര്‍ശന രീതികളോടെ ഒരു കേരള കോണ്‍ഗ്രസ് സമ്മേളനം ചേരുന്നതു തന്നെ ചരിത്രത്തില്‍ ആദ്യമാണെന്നായിരുന്നു മുതിര്‍ന്ന നേതാക്കളുടെ യും പ്രതികരണം.

പാര്‍ട്ടി ചെയര്‍മാനും മന്ത്രിയും മുതലുള്ള മുഴുവന്‍ പേരും യോഗം ആരംഭിക്കും മുമ്പുതന്നെ ഫോണ്‍ ഓഫാക്കുകയോ ഹാളിനു പുറത്ത് ഏല്‍പ്പിക്കുകയോ ചെയ്തു. ആരും താമസിച്ചെത്താനും നേരത്തേ പോകാനും പാടില്ലെന്ന് നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നതിനാല്‍ ചെയര്‍മാനും മന്ത്രിയും എംപിയും എംഎല്‍എമാരും ഉള്‍പ്പെടെ മൊബൈല്‍ ഫോണ്‍ ഒഴിവാക്കി മുഴുനീള യോഗത്തില്‍ ഭാഗഭാക്കുകളായി.

ഉച്ചയ്ക്ക് അര മണിക്കൂര്‍ നേരം മാത്രമായിരുന്നു ലഞ്ച് ബ്രേയ്ക്. മുന്‍പ് ഉച്ചഭക്ഷണത്തിനു ഒരു മണിക്കു പിരിഞ്ഞാല്‍ പിന്നെ മൂന്നു മണിക്ക് ചേരുന്നതായിരുന്നു കേരള കോണ്‍ഗ്രസുകളുടെ പതിവ്. അതിനിടെ ദൂരെയുള്ളവരും തിരക്കുള്ളവരും അരങ്ങൊഴിയും. ബാക്കിയൊക്കെ ഒരു കണക്ക്.

സമ്മേളനത്തില്‍ പ്രസംഗിക്കുന്നവകൊക്കെ പാര്‍ട്ടി ചെയര്‍മാനെ പുകഴ്ത്തും... ഈ പണിയും ഇനി വേണ്ടെന്ന് ജോസ്. കെ. മാണി നേതാക്കളെ ഓർമ്മിപ്പിച്ചു.

സമ്മേളനം അക്കമിട്ട് നിരത്തിയ വിഷയങ്ങളായിരുന്നു ചര്‍ച്ച ചെയ്തത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരും വിഷയത്തിലൂന്നി സംസാരിക്കണം. എല്ലാ സംസ്ഥാന ഭാരവാഹികള്‍ക്കും സ്റ്റിയറിംങ്ങ്, സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കും ഉത്തരവാദിത്വങ്ങളും ചുമതലകളും വീതിച്ച് നല്‍കി. ഭാരവാഹിയാണെന്നും പറഞ്ഞ് വെറുതെ നടപ്പ് ഇനി പറ്റില്ല എന്നതിൻ്റെ കൃത്യമായ സൂചന.

ഈ പാര്‍ട്ടിയില്‍ നില്‍ക്കുമ്പോള്‍ തന്നെ വേറെ  കോണ്‍ഗ്രസ് നേതാക്കന്മാരുമായി "ഒളി ബന്ധം " തുടരുന്നവര്‍ക്കും എതിര്‍ പാര്‍ട്ടി നേതാവിന്‍റെ വീട്ടിലെ വിവാഹത്തിനും മാമോദീസാ പാര്‍ട്ടിക്കും  നടത്തിപ്പുകാരായി സ്വയം  മാറുന്നവര്‍ക്കും യോഗത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍റെ ശക്തമായ താക്കീതുണ്ടായി.

ആര് വിവാഹത്തിനും ആഘോഷത്തിനും ക്ഷണിച്ചാലും പോയി പങ്കെടുക്കണം. പക്ഷേ പാര്‍ട്ടി ശത്രുക്കളുടെ വീട്ടിലെ ചടങ്ങുകള്‍ക്ക് നമ്മുടെ നേതാക്കള്‍ നടത്തിപ്പുകാരായി മാറുന്നത് അണികള്‍ക്കു സംശയകരമായ സന്ദേശമായിരിക്കും നല്‍കുകയെന്ന മുന്നറിയിപ്പും യോഗത്തിൽ  നല്‍കി.

പാര്‍ട്ടിയിലെ ഏത് ഘടകത്തിലും ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തെടെ ഒരു സംസ്ഥാന തലത്തില്‍ 'പരാതി പരിഹാര സെല്‍' രൂപീകരിച്ചതും കേരള കോണ്‍ഗ്രസിന്‍റെ പതിവു രീതികളില്‍ നിന്നുള്ള വ്യതിയാനമായി. പണ്ട് പാര്‍ട്ടിയുടെ കാസര്‍കോട്ടെ വാര്‍ഡ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച തര്‍ക്കംപോലും കെഎം മാണി തന്നെ നേരിട്ട് പരിഹരിക്കണമെന്നതായിരുന്നു ശീലം.


ഇനി അത്തരം തര്‍ക്കങ്ങളുമായി നേരേ ചെയര്‍മാന്‍റെ പക്കലേക്ക് വരേണ്ടതില്ലെന്ന മുന്നറിയിപ്പാണ് പരാതി പരിഹാര സെല്‍. അവിടെയും തീരാത്ത തര്‍ക്കങ്ങളില്‍ ആവശ്യമെന്നു കണ്ടാലേ ചെയര്‍മാന്‍റെ ഇടപെടലുണ്ടാകൂ.

ഇന്നലത്തെ യോഗത്തില്‍ മുഴുവന്‍ അംഗങ്ങള്‍ക്കും പാര്‍ട്ടി ചെയര്‍മാന്‍ ചുമതലകള്‍ വീതിച്ചു നല്‍കിയിട്ടുണ്ട്. ആ ഉത്തരവാദിത്വങ്ങള്‍ വിജയകരമായി നിര്‍വ്വഹിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഭാരവാഹിത്വങ്ങളില്‍ തുടരാം. അല്ലാത്തവര്‍ ഒഴിയേണ്ടിയും വരും. അല്ലെങ്കിൽ ഒഴിപ്പിക്കും. പാർട്ടി പ്രവർത്തനത്തിൽ ഇനി നോ കോംപ്രമൈസ്.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments