ശബരിമല തീർത്ഥാടനം... കടപ്പാട്ടൂർ ഒരുങ്ങുന്നു, വിപുലമായ സൗകര്യം.... മാണി.സി. കാപ്പൻ എം.എൽ.എ. യുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു........ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും പാലാ കെ .എസ് . ആർ.ടി.സിയിലെ കംഫർട്ട് സ്റ്റേഷൻ തുറക്കാത്തതെന്ത്...?; എം.എൽ.എ.യുടെ ചോദ്യത്തിന് ഉത്തരം മുട്ടി അധികൃതർ.... കടപ്പാട്ടൂർ ബൈപ്പാസിൽ തെരുവ് വിളക്ക് സ്ഥാപിക്കാത്തതിലും വിമർശനം.......





സുനിൽ പാലാ

ശബരിമല ഇടത്താവളമായ കടപ്പാട്ടൂരില്‍ അയ്യപ്പഭക്തര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ ഇത്തവണ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്നലെ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന തീര്‍ത്ഥാടനകാല മുന്നൊരുക്ക യോഗത്തില്‍ തീരുമാനമായി.


മാണി സി. കാപ്പന്‍ എം.എല്‍.എ. യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

തീര്‍ത്ഥാടക വാഹന ഗതാഗതം സുഗമമാക്കുന്നതിന് കൂടുതല്‍ പോലീസിനെ വിന്യസിക്കും. മീനച്ചിലാറ്റില്‍ കടപ്പാട്ടൂര്‍ ക്ഷേത്രത്തോട് ചേര്‍ന്നുള്ള കുളിക്കടവില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ബാരിക്കേഡുകള്‍ സ്ഥാപിക്കും.
 
 
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ് ക്ഷേത്രമൈതാനിയില്‍ ഉണ്ടാകും. താത്ക്കാലിക കടകളിലേതുള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.

മണ്ഡലകാലയളവില്‍ വൈദ്യുതി മുടക്കംകൂടാതെ ലഭ്യമാക്കുന്നതിനും പാലത്തിന് സമീപമുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍ പൂര്‍ണ്ണമായി തെളിക്കുന്നതിനും കെ.എസ്.ഇ.ബി. അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ബൈപാസിലെ തെരുവുവിളക്കുകള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ നിന്നും പണമടച്ച് പത്തുമാസം കഴിഞ്ഞിട്ടും ലൈറ്റുകള്‍ തെളിക്കാന്‍ നടപടി സ്വീകരിക്കാത്തതിനെ യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എ.യും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലും രൂക്ഷമായി വിമര്‍ശിച്ചു.

കമ്പിയും പോസ്റ്റും കിട്ടാനില്ലെന്ന് കെ.എസ്. ഇ ബി. പ്രതിനിധി  തൊടു ന്യായം നിരത്തിയെങ്കിലും അയ്യപ്പഭക്തരെ സഹായിക്കുന്നതിന് പകരം  ഇത്തരം ന്യായവാദങ്ങൾ നിരത്തിയിട്ട് കാര്യമില്ലെന്നായി എം.എൽ.എ.  
മണ്ഡല കാലത്തിന് മുമ്പ് ലൈറ്റുകള്‍ തെളിയിച്ചിരിക്കണമെന്ന് എം.എല്‍.എ. കെ.എസ്.ഇ.ബി. അധികൃതര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

ഹോട്ടലുകളിലെ അമിത വില നിയന്ത്രിക്കുന്നതിന് ആറ് ഭാഷകളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കണം. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരും താലൂക്ക് സപ്ലൈ അധികൃതരും ചേര്‍ന്ന് സ്‌ക്വാഡ് ഉണ്ടാക്കി വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കും.

ജനറല്‍ ആശുപത്രിയില്‍ അയ്യപ്പഭക്തര്‍ക്കായി പ്രത്യേകം കൗണ്ടര്‍ തുറക്കും. 24 മണിക്കൂറും ആംബുലന്‍സ് സംവിധാനവും ഏര്‍പ്പെടുത്തും. ഇതോടൊപ്പം ക്ഷേത്രസന്നിധിയില്‍ അലോപ്പതി-ആയൂര്‍വേദം-ഹോമിയോ ചിക്തിസാവിഭാഗങ്ങളുടെ കൗണ്ടറും പ്രവര്‍ത്തിക്കും.

ശുചീകരണ ചുമതല പാലാ നഗരസഭയും മുത്തോലി പഞ്ചായത്തും സംയുക്തമായി ഏറ്റെടുക്കും. എക്‌സൈസ് വിഭാഗം ക്ഷേത്രപരിസരത്ത് കര്‍ശന നിരീക്ഷണം നടത്തും.

പി.ഡബ്ല്യു.ഡി. അയ്യപ്പഭക്തരെ സഹായിക്കുന്നതിനായി ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കും. റോഡുകള്‍ ഉടന്‍ നന്നാക്കും.

ഇടത്താവളത്തില്‍ സേവനത്തിനായി വരുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുമെന്ന് ദേവസ്വം പ്രസിഡന്റ് സി.പി. ചന്ദ്രന്‍നായര്‍ യോഗത്തെ അറിയിച്ചു.  

യോഗത്തില്‍ പാലാ ആര്‍.ഡി.ഒ. പി.ജി. രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് ജി. രണ്‍ജിത്ത് മീനാഭവന്‍, പഞ്ചായത്തു മെമ്പര്‍ സിജു വി.എസ്.,  മീനച്ചില്‍ തഹസില്‍ദാര്‍ സിന്ധു വി.എസ്. കടപ്പാട്ടൂര്‍ ദേവസ്വം സെക്രട്ടറി കയ്യൂര്‍ സുരേന്ദ്രന്‍ നായര്‍, ഖജാന്‍ജി സാജന്‍ ജി. ഇടച്ചേരില്‍, പാലാ എസ്.ഐ. ഷാജി സെബാസ്റ്റ്യന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
 

 
 
കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കാത്തതെന്ത്? എം.എല്‍.എ. ഉത്തരംമുട്ടി  കെ.എസ്.ആര്‍.ടി.സി. അധികൃതര്‍

എം.എല്‍.എ. ഫണ്ടില്‍ നിന്ന് നാലരലക്ഷം രൂപാ മുടക്കി നിര്‍മ്മിച്ച് നാല് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കംഫര്‍ട്ട് സ്റ്റേഷന്‍ എന്തേ തുറക്കാത്തത്...? മാണി സി. കാപ്പന്‍ എം.എല്‍.എ. ചോദിച്ചപ്പോള്‍ കെ.എസ്.ആര്‍.ടി.സി. പ്രതിനിധിക്ക് കൃത്യമായി ഉത്തരം പറയാനുണ്ടയിരുന്നില്ല.

പാലാ കെ.എസ്.ആര്‍.ടി.സി. കോംപ്ലക്‌സില്‍ മാണി സി. കാപ്പന്റെ എം.എല്‍.എ. ഫണ്ടില്‍ നിന്ന് പണികഴിപ്പിച്ച കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കാത്തതിനെപ്പറ്റിയായിരുന്നു എം.എല്‍.എ.യുടെ ചോദ്യം.
 ''ഇത് അലംഭാവമാണ്. ഈ രീതിയില്‍ മുന്നോട്ട് പോകാനാവില്ല. എത്രയും വേഗം കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്ന് കൊടുക്കണം. ശബരിമല സീസണില്‍ നിരവധി അയ്യപ്പഭക്തര്‍ എത്തുന്ന സ്ഥലമാണ് പാലാ'' - മാണി സി. കാപ്പന്‍ ചൂണ്ടിക്കാട്ടി.

വാട്ടര്‍ ടാങ്കില്ലാത്തതാണ് കാരണമെന്ന് കെ.എസ്.ആര്‍.ടി.സി. പ്രതിനിധി ചൂണ്ടിക്കാട്ടിയപ്പോള്‍ ടാങ്കിനുള്‍പ്പെടെയുള്ള പണമാണ് താന്‍ അനുവദിച്ചതെന്നായി എം.എല്‍.എ.
ഇതോടെ കെ.എസ്.ആര്‍.ടി.സി. പ്രതിനിധിക്ക് ഉത്തരംമുട്ടി.
ഇന്നലെ കടപ്പാട്ടൂരില്‍ നടന്ന ശബരിമല ഇടത്താവള അവലോകന യോഗത്തിലായിരുന്നു എം.എല്‍.എ.യുടെ പരാമര്‍ശം.




 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments