പാലായിലെ "ജനകീയ ഹോട്ടലിന് " ലൈസൻസില്ല..... നിയമം നഗരസഭയ്ക്ക് ബാധകമല്ലേ...?...... പാവങ്ങളുടെ അന്നം മുടക്കല്ലേ പ്ലീസ്....




സുനിൽ പാലാ

ഒരു പാട് പാവങ്ങൾക്ക് അനുഗ്രഹമാണ് പാലാ നഗരസഭയുടെ "ജനകീയ ഹോട്ടൽ." 20 രൂപയ്ക്ക് ഊണും, 5 രൂപയ്ക്ക് ഇഡ്ഡലിയുമൊക്കെ മറ്റെവിടെ കിട്ടും. പാവങ്ങൾക്ക്  അത്രയേറെ ആശ്വാസമേകുന്ന ജനകീയ ഹോട്ടൽ നിയമാനുസൃതം പ്രവർത്തിപ്പിക്കാനുള്ള സന്മനസ്സു കൂടി അധികാരികൾ കാണിക്കണം.... പാലാ നഗരസഭയുടെ ജനകീയ മുഖമാണീ ഭക്ഷണശാലാ . ഇതൊരിക്കലും പൂട്ടിപ്പോകാതിരിക്കാനുള്ള  അപേക്ഷയാണിത്.


ലൈസന്‍സും മറ്റനുമതികളൊന്നുമില്ലാതെയാണിപ്പോൾ  പാലാ നഗരസഭയുടെ ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തനം.

കൊവിഡിനു ശേഷം ഏറെ സജീവമായ ഹോട്ടലിന് ഇതേവരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് പോലും നഗരസഭാ അധികാരികള്‍ എടുക്കാത്തതാണ് വിവാദമായിരിക്കുന്നത്. എന്തിനേറെ, ഇത് പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുനിസിപ്പൽ ലൈസൻസ് പോലുമില്ല !!

നഗരത്തില്‍ ഒരു മറുക്കാന്‍കട കളിച്ചുവയ്ക്കണമെങ്കില്‍ പോലും ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുള്ള നഗരസഭാ അധികാരികളാണ് തങ്ങളുടെ സ്വന്തം സ്ഥലം ഒരു ലൈസന്‍സുമില്ലാതെ ഊര്‍ജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുന്നത്.

പാലാ കിഴതടിയൂര്‍ ലാബിന് എതിര്‍വശമുള്ള ജനകീയ ഹോട്ടലിനാണ് ഒരു ലൈസന്‍സുമില്ലാത്തത്. ദിവസേന മൂന്നൂറോളം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഇവിടെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് ഇല്ലായെന്നുള്ളത് അത്യന്തം ഗുരുതരമായ കാര്യമാണ്.
രാവിലെ ഇഡ്ഡലിയും ഉച്ചയ്ക്ക് ഊണും വൈകിട്ട് ചപ്പാത്തിയുമാണ് ഇവിടെ തുച്ഛമായ വിലയ്ക്ക് വിതരണം ചെയ്യുന്നത്.

ജനകീയ ഭക്ഷണശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനും ഇതേവരെ മുനിസിപ്പാലിറ്റി ലൈസന്‍സ് കൊടുത്തിട്ടില്ല.

കുടുംബശ്രീ സംരംഭമായ ഹരിതശ്രീ കേറ്ററിംഗ് യൂണിറ്റാണ് ഇവിടെ ജനകീയ ഭക്ഷണശാല നടത്തുന്നത്. ഇതിന് കെട്ടിടനമ്പര്‍ കൊടുക്കാന്‍പോലും നഗരസഭാ അധികാരികള്‍ തുനിഞ്ഞിട്ടില്ല.
കേരള മുനിസിപ്പാലിറ്റീസ് കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം നിയമങ്ങള്‍ പാലിക്കപ്പെടാത്തതിനാലാണ് ലൈസന്‍സ് കൊടുക്കാത്തതെന്ന് മുനിസിപ്പല്‍ സെക്രട്ടറി ജൂഹി മരിയ ടോം പറയുന്നു. 




ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് ഗുരുതരമായ സ്ഥിതിവിശേഷം - ഭക്ഷ്യസുരക്ഷാ വകുപ്പ്

നഗരസഭയുടെ ജനകീയ ഭക്ഷണശാല ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് ഗുരുതമായ നിയമ ലംഘനമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികാരികള്‍ പറയുന്നു.
ഇവിടെനിന്ന് വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ നിന്ന് എന്തെങ്കിലും വിഷബാധ കഴിക്കുന്നവര്‍ക്കുണ്ടായാല്‍ പരിപൂര്‍ണ്ണ ഉത്തരവാദിത്വം മുനിസിപ്പാലിറ്റിക്കായിരിക്കുമെന്നും ഫുഡ് സേഫ്റ്റി ഓഫീസര്‍ സന്തോഷ് ചൂണ്ടിക്കാട്ടി. പാവങ്ങള്‍ക്ക് തുച്ഛമായ വിലയ്ക്ക് ഭക്ഷണം കൊടുക്കുന്നു എന്നുള്ളതുകൊണ്ട് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിക്കാത്തത്. എന്നാല്‍ എത്രയും വേഗം ലൈസന്‍സ് എടുക്കണമെന്ന് കാണിച്ച് മുനിസിപ്പല്‍ അധികൃതര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ ഓഫീസര്‍ പറഞ്ഞു.


ഇന്ന് ചേരുന്ന കൗണ്‍സില്‍ യോഗം വിഷയം ചര്‍ച്ച ചെയ്യും - ചെയര്‍മാന്‍

നഗരസഭയുടെ ജനകീയ ഭക്ഷണശാലയ്ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് എടുക്കുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന കൗണ്‍സില്‍ യോഗം അടിയന്തിര തീരുമാനമെടുക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. നിയമപ്രകാരം കെട്ടിടത്തിന് മുനിസിപ്പല്‍ ലൈസന്‍സ് കൊടുക്കാന്‍ കഴിയില്ല. സര്‍ക്കാരിന് പക്ഷേ ഇളവുകള്‍ അനുവദിക്കാന്‍ സാധിക്കും. അതുകൊണ്ട് കെട്ടിട ലൈസന്‍സ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാനും ആലോചനയുണ്ടെന്ന് ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments