ഓർമ്മകളുടെ വിസിൽ മുഴങ്ങി, അവർ ദേ ഉഷാറാണ് .... ഒത്തുകൂടി പഴയകാല കായികാദ്ധ്യാപകർ



 
സുനിൽ പാലാ

"അന്നൊക്കെ സാറിന്റെയൊരു നോട്ടം മതിയായിരുന്നു ഞങ്ങള്‍ കിടുകിടെ വിറയ്ക്കുമായിരുന്നു. ആ ഒറ്റനോട്ടത്തിന്റെ ഊര്‍ജ്ജത്തില്‍ പാലായിലെ കളിമൈതാനത്ത് എത്രയോവട്ടം ഓടിയിരുന്നു. അതൊക്കെ പിന്നീട് വിജയകിരീടം ചൂടിയുള്ള ഓട്ടങ്ങളുമായി. പഴയകാല കായികതാരം വി.എം. ആലിയെന്ന ഇപ്പോഴത്തെ സിസ്റ്റര്‍ റോജിന്‍ പറഞ്ഞുനിര്‍ത്തുമ്പോള്‍ കേട്ടുനിന്ന മറ്റ് ഗുരുജനങ്ങളെല്ലാം പൊട്ടിച്ചിരിച്ചു. റിട്ട. കായികാധ്യാപകരായ വി.സി. ജോസഫ്, ഒ.എം. ജോസഫ് എന്നിവരെ നോക്കിയായിരുന്നു 59-കാരി സിസ്റ്റര്‍ റോജിന്റെ കമന്റ്.

ഇന്നലെ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കൗമാര കായികതാരങ്ങളുടെ കുതിപ്പ് തുടര്‍ന്നപ്പോള്‍ ഒരു വിളിപ്പാടകലെയുള്ള ഒരു മുറിയില്‍ അവര്‍ ഒത്തുകൂടി; പഴയകാല കായികാദ്ധ്യാപകര്‍. എല്ലാവരും 60 പിന്നിട്ടവര്‍. ഓര്‍മ്മകളുടെ വിസില്‍ മുഴങ്ങുമ്പോള്‍ പണ്ട് കളിമൈതാനത്തുണ്ടായിരുന്ന അതേ ആവേശത്തോടെ അവരെല്ലാം ഉഷാറായി. 40-ഓളം പേരാണ് ഇന്നലെ റിട്ടയേര്‍ഡ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയുടെ ബാനറില്‍ ഒത്തുകൂടിയത്. 



1978-ല്‍ പാലായില്‍ സംസ്ഥാന സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് വന്നപ്പോള്‍ അന്നത്തെ മുഖ്യസംഘാടകനായ നൂറുകണക്കിന് കായിക പ്രതിഭകളുടെ അധ്യാപകന്‍ കൂടിയായിരുന്ന വി.സി. ജോസഫ് മാഷിന്റെ നേതൃത്വത്തിലാണ് ഇന്നലെ പഴയകാല കായികാധ്യാപകരുടെ സംഗമം നടന്നത്.

''ഇപ്പോഴത്തെ കുട്ടികള്‍ക്ക് നല്ല സ്റ്റാമിനയുണ്ട്. പക്ഷേ അത് വേണ്ടവിധം പുറത്തെടുക്കാനുള്ളപരിശീലനം നല്‍കുന്ന കായികാധ്യാപകരുടെ കുറവുണ്ട്. അത് വലിയ പ്രശ്‌നമാണ്''. ഇന്നലെ പാലാ മുനിസിപ്പല്‍ സ്റ്റേഡയിത്തിലെത്തി കുട്ടികളുടെ പ്രകടനം കണ്ട് മടങ്ങിയ വി.സി. ജോസഫ് മാഷും വി.ജെ. തോമസ് മാസ്റ്ററും ചൂണ്ടിക്കാട്ടി. മുമ്പൊക്കെ കായികമേളകളോടനുബന്ധിച്ച് കായികാധ്യാപകര്‍ക്കും മത്സരങ്ങളുണ്ടായിരുന്നു. ഞങ്ങളൊക്കെ 50 വയസ് കഴിഞ്ഞ കാലഘട്ടത്തില്‍പോലും ഊര്‍ജ്ജിതമായി ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുന്നതോര്‍ക്കുന്നു. വിരമിച്ച കായികാധ്യപകര്‍ ഓര്‍ക്കുന്നു.

വിരമിച്ച കായികാധ്യാപകരുടെ സംഘടനയുടെ 12-ാമത് പൊതുയോഗമാണ് ഇന്നലെ നടന്നത്. അത് കോട്ടയം റവന്യു ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിനോടനുബന്ധിച്ചായി എന്നത് തികച്ചും യാദൃശ്ചികം.


40-ഓളം മുന്‍കാല കായികാധ്യാപകരാണ് സംഗമത്തില്‍ പങ്കെടുത്തത്. ഇവരില്‍ ഭൂരിപക്ഷം പേരുടെയും ശിഷ്യരാണ് ഇപ്പോഴത്തെ കായികാധ്യാപകരില്‍ 99 ശതമാനവും. അതുകൊണ്ടുതന്നെ റവന്യു ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കാണാന്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ എത്തിയ ഇവരെ പാദംതൊട്ട് വന്ദിച്ചും കൂപ്പുകൈകളോടെയുമാണ് സംഘാടകര്‍ സ്റ്റേഡിയത്തിലേക്ക് വരവേറ്റത്. സംഗമത്തില്‍ സിസ്റ്റര്‍ റോജിന്‍ ഉള്‍പ്പെടെ ആറ് വനിതകള്‍ പങ്കെടുത്തു.

സംഘടനയിലെ ഏറ്റവും മുതിര്‍ന്ന അംഗം നവതിയുടെ നിറവിലെത്തിയ കെ. മാണി ഐക്കരയേയും 85 വയസ് പൂര്‍ത്തിയാക്കിയ മത്തായി ജോസഫ് ഊട്ടുകുളത്തിനേയും സമ്മേളനത്തില്‍ പ്രത്യേകം ആദരിച്ചു. വി.സി. ജോസഫ്, വി.ജെ. തോമസ്, മത്തായി ജോസഫ്, സിസ്റ്റര്‍ റോജിന്‍, ഒ.എം. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.






 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments