വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി തൊടുപുഴയില്‍ മറ്റൊരു കേസിലും ഉള്‍പ്പെട്ടതായി സൂചന




വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി തൊടുപുഴയില്‍ മറ്റൊരു  കേസിലും ഉള്‍പ്പെട്ടതായി സൂചന
ഇത് സംബന്ധിച്ച് തൊടുപുഴ പോലീസ് തിരുവനന്തപുരം മ്യൂസിയം പോലീസുമായി ബന്ധപ്പെട്ടു. 

മ്യൂസിയം പോലീസ് ഇയാളുടെ ചിത്രങ്ങള്‍ കൈമാറി. വാട്ടര്‍ അതോറിറ്റിയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന സന്തോഷ് തുടര്‍ച്ചയായി സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ നടത്തിയിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. നിലവില്‍ രണ്ട് കേസുകളില്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 

തൊടുപുഴയില്‍ 2021 ഡിസംബര്‍ 6ന് കണ്ണൂര്‍ സ്വദേശിനിയായ ഡോക്ടറെ കടന്ന് പിടിച്ചത് സന്തോഷാണെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ആശുപത്രിയില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ തൊടുപുഴയിലുള്ള ക്ഷേത്ര പരിസരത്ത് വച്ചാണ് ഡോക്ടര്‍ക്ക് നേരെ ആക്രമണമുണ്ടായത്. അന്ന് തന്നെ ഡോക്ടര്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. 

എന്നാല്‍ തിരുവനന്തപുരം സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ദൃശ്യമാധ്യമങ്ങള്‍ വഴി സന്തോഷിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ഇയാളാണ് കേസിലെ പ്രതിയെന്ന സംശയം പരാതിക്കാരിക്കുണ്ടായത്. പിന്നാലെ വിവരം തൊടുപുഴ പോലീസിനെ അറിയിക്കുകയും ഉദ്യോഗസ്ഥര്‍ മ്യൂസിയം സ്റ്റേഷനില്‍ ബന്ധപ്പെടുകയുമായിരുന്നു. അതേസമയം സന്തോഷാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലന്ന് തൊടുപുഴ ഡിവൈ.എസ്.പി മധുബാബു പറഞ്ഞു. വിശദമായി ചോദ്യംചെയ്താല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാവൂ. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.


 

 പ്രതി മാസ്‌ക് വെച്ച് പാതി മുഖം മറച്ചത് അന്വേഷണത്തിന് തടസമായിട്ടുണ്ട്. രേഖാചിത്രം വരച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മ്യൂസിയം കേസ് ശ്രദ്ധയില്‍പ്പെട്ടതെന്നും അതുകൊണ്ടാണ് മ്യൂസിയം പൊലീസിനോട് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടതെന്നും തൊടുപുഴ ഡിവൈ.എസ്.പി വ്യക്തമാക്കി.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments