തൃശൂര്‍ അതിരൂപതയുടെ അധ്യക്ഷനും എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു.
മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസായിരിന്നു 2018-2020, 2020-2022 കാലയളവിലായി ഭാരത മെത്രാന്‍ സമിതിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചുക്കൊണ്ടിരിന്നത്. ബംഗളുരുവില്‍ നടന്നുവരുന്ന ഇന്ത്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ഇന്നാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തുള്ള പ്രഖ്യാപനം ഉണ്ടായത്.
1951 ഡിസംബര്‍ 13-ന് ജനിച്ച ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രുസ് താഴത്ത് 1977 മാര്‍ച്ച് 14-നാണ് വൈദികനായി അഭിഷിക്തനായത്. സഭാനിയമത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയശേഷം അതിരൂപതയിലും സഭാതലത്തിലും വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചു. 2004 മെയ് 1-ാം തീയതി തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട മാര്‍ താഴത്ത് 2007 മാര്‍ച്ച് 18-ന് അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടു.
പെര്‍മനന്റ് സിനഡ് അംഗം, പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍, വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനര്‍, കെ.സി.ബി.സി. ജാഗ്രതാ കമ്മീഷന്‍ അംഗം, കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 30നു അദ്ദേഹത്തെ എറണാകുളം - അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചിരിന്നു.
മാര്‍പാപ്പയെ തന്റെ അജപാലന ദൗത്യങ്ങളില്‍ സഭാനിയമ വ്യാഖ്യാനത്തിലൂടെ സഹായിക്കുന്ന റോമന്‍ കൂരിയയുടെ ഭാഗമായ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്‌സില്‍ ഉപദേശകന്‍ കൂടിയാണ് മാര്‍ ആന്‍ഡ്രൂസ്.
0 Comments